ഗസല്‍ ചക്രവര്‍ത്തി പി.എ ഇബ്രാഹിം എന്ന ഉമ്പായിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം. തന്റേതായ ശൈലിയിലെ ആലാപന മികവുകൊണ്ട് ശ്രദ്ധേയനായ ഉമ്പായി മലയാളികള്‍ക്ക് എന്നും തീരാനഷ്ടമായിരിക്കും. പാട്ടും സംഗീതവും കുട്ടിക്കാലം മുതല്‍ ലഹരിയായിരുന്ന ഉമ്പായി ഗായകനെന്ന നിലയില്‍ ആദ്യകാലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഹോട്ടലുകളിലും ഡാന്‍സ് ബാറുകളിലും പാട്ടുപാടിനടന്ന ഉമ്പായിയാണ് പിന്നീട് മലയാളം ഗസലുകള്‍ക്ക് ഉയിര് കൊടുക്കുന്നത്. മലയാളം ഗസലുകള്‍ പ്രശസ്തമായതും ഉമ്പായിയിലൂടെ തന്നെയാണ്. പഴയകാല മലയാളം പാട്ടുകളെ വ്യത്യസ്തമായ ആലാപനത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ ഇങ്ങനെയും പാടാം ഈ ഗാനങ്ങളെന്ന് ഉമ്പായി തെളിയിക്കുകയായിരുന്നു. എത്രയോ കാലത്തിന്റെ പ്രയത്നമാണ് ഉമ്പായി എന്ന ഗസല്‍പാട്ടുകാരന്‍.
ഉമ്പായി ഈസ്റ്റ് കോസ്റ്റുമായി ചേര്‍ന്ന് ഒരിക്കല്‍ നീ പറഞ്ഞു, പ്രിയേ പ്രണയിനി, പാടുക സൈഗാള്‍ പാടു, നന്ദി പ്രിയസഖി നന്ദി, ഇതുവരെ സഖി നിന്നെ കാത്തിരുന്നു, പിന്നെയും പാടുന്നു സൈഗാള്‍, ഒറ്റയ്ക്ക് നിന്നെയും നോക്കി, തുടങ്ങിയ ആല്‍ബങ്ങളിലൂടെ മികച്ച അഭിപ്രായങ്ങള്‍ നേടി. ഗള്‍ഫ് മലയാളികള്‍ ഒരിക്കലും മറക്കാത്ത ഈസ്റ്റ് കോസ്റ്റിന്റെ മിദദ്‌സന്ധ്യയും ഉമ്പായിക്കൊരു മികച്ച വേദിയായിരുന്നു.
വിഷാദാത്മകമായ ഒരു ഗസലു പോലെയായിരുന്നു ഉമ്പായിയുടെ ജീവിതവും. സ്വന്തമായി ഒരു റേഡിയോ പോലും അന്യമായിരുന്ന ബാല്യമായിരുന്നു ഉമ്പായിക്ക്. പാട്ടു കേള്‍ക്കാന്‍ മട്ടാഞ്ചേരിയിലെ സ്റ്റാര്‍ തിയറ്ററിനു മുന്നിലേക്ക് ഓടുമായിരുന്നു. സിലാണ്‍ റേഡിയോയിലെ ബിനാക്ക ഗീത് മാല കേള്‍ക്കാന്‍ ചായക്കടകളിലും ബാര്‍ബര്‍ ഷാപ്പുകളിലും അലഞ്ഞിരുന്നു. സ്‌കൂളിലെ ഡെസ്‌കും ബെഞ്ചുമൊക്കെ തബലയായി സങ്കല്‍പ്പിച്ച് അതില്‍ താളം പിടിച്ചു. നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ വിരലുകളില്‍ താളമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ മദ്യത്തിന്റയും മയക്കുമരുന്നിന്റയും കള്ളക്കടത്തിന്റയും ഇരുളടഞ്ഞ വഴികളില്‍ അദ്ദേഹവും പെട്ടു. ഹോട്ടലുകളിലും ഡാന്‍സ് ബാറുകളിലും പാട്ടുപാടിനടന്ന രാത്രികളെ കുറിച്ചെല്ലാം ‘രാഗം ഭൈരവി’എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഉമ്പായിയുടെ ആത്മകഥയില്‍ പറയുന്നു. കുറെക്കാലം എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ രാത്രികാല പാട്ടുകാരനായിരുന്നു അദ്ദേഹം. ഉസ്താദ് മുജാവറലി ഖാന്‍ എന്ന ഗുരുവിന്റെ കീഴില്‍ തബലയിലും വായ്പ്പാട്ടിലും വര്‍ഷങ്ങളോളം പഠനം നടത്തിയിരുന്നു. ഏതു ഗസല്‍ പാടാന്‍ ആസ്വാദകര്‍ ആവശ്യപ്പെട്ടാലും തനിക്കു പാടാന്‍ കഴിയുന്നത് പാട്ടു കേള്‍ക്കാന്‍ മാത്രം ഓടിനടന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളാണെന്ന് ഒരിക്കില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ദാരിദ്ര്യത്തിന്റെ കാലത്ത് ഉപജീവനത്തിനായി ഉമ്പായി ചെയ്യാത്ത ജോലികളുണ്ടായിരുന്നില്ല. കമ്പനിയില്‍ ഡ്രൈവര്‍, ഹാര്‍ബറില്‍ ഐസ് പൊട്ടിക്കല്‍, കച്ചവടക്കാരന്‍, തുടങ്ങി വീട് ബ്രോക്കര്‍ പണി വരെ ചെയ്തു. ഇതിനിടയില്‍ കൊച്ചിയില്‍ ‘രാഗ്’ എന്ന പേരില്‍ സംഗീത ട്രൂപ്പ് രൂപവത്കരിച്ച് സംഗീതരംഗത്ത് സജീവമായി. ഗുരുതുല്യനായിരുന്ന മെഹ്ബൂബിന്റെ സ്മരണയ്ക്കായി മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍െക്കസ്ട്ര എന്ന സംഘടനയുണ്ടാക്കി. തുടര്‍ന്ന് ‘ദുന്‍’ എന്ന പേരില്‍ സ്വന്തമായി സംഗീത ട്രൂപ്പ് രൂപവത്കരിച്ചു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് 2018 ആഗസ്റ്റ് ഒന്നിന് ആലുവയിലെ പെയിന്‍ & പാലിയേറ്റീവ് കെയര്‍ ഹോമില്‍ വച്ച് 68 കാരനായിരുന്ന ഉമ്പായി ഈ ലോകത്തോട് വിടപറഞ്ഞു. ഒരുകാലത്ത് മലയാളിക്ക് അന്യമായിരുന്ന, സൗഹൃദ സദസുകളിലും സമ്പന്നരുടെ വീടുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഗസലെന്ന സംഗീത ശാഖയെ വിളിച്ചിറക്കിക്കൊണ്ടുപോയി സാധാരണക്കാരന്റെ ഹൃദയങ്ങളിലേക്കും കൂടി പകര്‍ന്നു നല്‍കിയ പാട്ടുകാരന് ഈസ്റ്റ് കോസ്റ്റിന്റെ പ്രണാമം.
https://youtu.be/G-AtnFkAaxk
Post Your Comments