KeralaLatest News

വൈദ്യുതി കണക്ഷന്‍ തകരാറിലായി; ഒടുവില്‍,മൂന്നാര്‍ പഞ്ചായത്ത് ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്‌കരിച്ചതിങ്ങനെ

ഇടുക്കി: മൂന്നാറിലെ പഞ്ചായത്ത് ക്രിമറ്റോറിയത്തില്‍ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം ദഹിപ്പിച്ചത് ജീപ്പിന്റെ ബാറ്ററി പ്രവര്‍ത്തിപ്പിച്ച്. മൂന്നാര്‍ ഗ്രഹാംസ്ലാന്‍ഡ് റോഡിലെ ശാന്തിവനം പൊതുശ്മശാനത്തിലാണ് ഈ ദുരവസ്ഥ. പഞ്ചായത്തിന്റെ കീഴിലാണ് ഈ ശ്മശാനം പ്രവര്‍ത്തിക്കുന്നത്. വൈദ്യുതബന്ധം തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ഒരു മണിക്കൂറോളം ഇവിടെ കാത്തിരിക്കേണ്ടി വന്നു.

മൂന്നാര്‍ പെരിയവര പഴയകാട് സ്വദേശിയുടെ മൃതദേഹമാണ് ഇന്നലെ സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചത്. എന്നാല്‍ ക്രിമറ്റോറിയത്തിലെ വൈദ്യുതി കണക്ഷന്‍ തകരാറിലായിരുന്നു. ഇതേ തുടര്‍ന്ന് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് മൃതദേഹം സംസ്‌കരിക്കുവാനുള്ള ശ്രമം ജീവനക്കാര്‍ നടത്തിയെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇതോടെ ചടങ്ങിനെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഒടുവില്‍, ചടങ്ങിനെത്തിയ ഒരു ബന്ധുവിന്റെ ജീപ്പിലെ ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ക്രിമറ്റോറിയത്തില്‍ മൃതദേഹം ദഹിപ്പിച്ചത്.

മൂന്നാറിലെ ഏക പൊതുശ്മശാനത്തിന്റെ നടത്തിപ്പില്‍ അപാകതയുണ്ടെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പഞ്ചായത്ത് ഇക്കാര്യത്തില്‍ അവശ്യമായ നടപടികളെടുക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഏറെ പണം മുടക്കി സ്ഥാപിച്ച ക്രിമറ്റോറിയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ പലപ്പോഴും മൃതദേഹങ്ങള്‍ മണ്ണില്‍ സംസ്‌കരിക്കുകയാണ് ചെയ്തിരുന്നത്. പഞ്ചായത്തിന്റെ പണം ഉപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്തി ക്രിമറ്റോറിയം വീണ്ടും പ്രവര്‍ത്തനയോഗ്യമാക്കിയെങ്കിലും വൈദ്യുതിയുടെ അഭാവം ഇതിന്റെ പ്രവര്‍ത്തനത്തെ വീണ്ടും ബാധിക്കുകയായിരുന്നു.

ക്രിമറ്റോറിയത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പലപ്പോഴും മൃതദേഹം സംസ്‌കരിക്കുന്നവരുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നതും പതിവാണ്. മൃതദേഹം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫ്രീസറുകള്‍ കേടായതോടെ കുടുതല്‍ പണം നല്‍കി പുറത്ത് നിന്ന് ഫ്രീസറുകള്‍ എത്തിക്കേണ്ട അവസ്ഥയിലാണ് മൂന്നാറിലെ ഈ പൊതുശ്മശാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button