തിരുവനന്തപുരം•നഗരത്തിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ തിരുവനന്തപുരം സൗത്ത് എന്നും തിരുവനന്തപുരം നോര്‍ത്ത് എന്നും പുനര്‍ നാമകരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി റെയില്‍വേ യാത്രികര്‍.
റെയില്‍വേ ഉപയോക്താക്കളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഈ സ്റ്റേഷനുകളുടെ പേരുമാറ്റം. തിരുവനന്തപുരത്തിന് വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഷനാണ് കൊച്ചുവേളി. നേമം നഗരത്തിന്റെ തെക്കുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം സെന്‍ട്രലിലെ തിരക്കുമൂലം നല്ലൊരു എണ്ണം ട്രെയിനുകള്‍ ഇപ്പോള്‍ കൊച്ചുവേളിയില്‍ നിന്നാണ് ഓടിക്കുന്നത്.
നേമം സ്റ്റേഷന്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. വൈദ്യുതികരണം പൂര്‍ത്തിയാകുന്നതോടെ കന്യാകുമാരി-തിരുവനന്തപുരം സെക്ഷന് കൂടുതല്‍ ട്രെയിനുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് തിരുവനന്തപുരം സന്ദര്‍ശിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗുണം ചെയ്യും.
സ്റ്റേഷനുകളുടെ പുനര്‍നാമകരണത്തിന് ദക്ഷിണ റെയില്‍വേ അഡ്മിനിസ്ട്രേഷനും റെയില്‍വേ ബോര്‍ഡും ഇടപെടണമെന്ന് ഡിവിഷണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍റ്റീവ് കമ്മറ്റി (ഡി.ആര്‍.യു.സി.സി) ആവശ്യപ്പെട്ടു.
ഇതൊരു സാങ്കേതിക പ്രശ്നമായി എടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആഭ്യന്തര മന്ത്രാലയതിന് മുന്‍പാകെ കൊണ്ട് വരണം. സ്റ്റേഷനുകളുടെ പുനര്‍നാമകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രമേയം പാസാക്കി ആഭ്യന്തര മന്ത്രലായത്തിന് അയക്കണം. മന്ത്രാലയം അഭ്യര്‍ത്ഥന അംഗീകരിച്ച ശേഷം തങ്ങള്‍ക്ക് ഉത്തരവ് നല്‍കിയാല്‍ പേരുകള്‍ മാറ്റാന്‍ കഴിയുമെന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്റ്റേഷനുകളുടെ പുനര്‍നാമകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് ജില്ലയിലെ ജനപ്രതിനിധികളെ കാണാന്‍ ഒരുങ്ങുകയാണ് ഡി.ആര്‍.യു.സി.സി. ഇത് അടിയന്തിര ആവശ്യമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ രണ്ട് സ്റ്റേഷനുകള്‍ തിരുവനന്തപുരത്ത് ആണെന്ന് അറിയില്ലെന്നും ഡി.ആര്‍.യു.സി.സി അംഗം ആര്‍.കൃഷ്ണന്‍ പറഞ്ഞു.
Post Your Comments