ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാവിലെ പത്ത് മണിയോടെ ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
രാജ് കുമാറിന് നെടുങ്കണ്ടം സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റെന്നും, തക്ക സമയത്ത് വൈദ്യസഹായം കിട്ടിയിട്ടില്ലെന്നുമാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിരുന്നില്ല. രാജ് കുമാറിന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. ഇത് ക്രൂരമര്‍ദ്ദനം മൂലമുണ്ടായതാണോയെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
പൊലീസ് സര്‍ജന്‍മാരായ പി ബി ഗുജ്‌റാള്‍, കെ പ്രസന്നന്‍, എകെ ഉന്മേഷ് എന്നിവരായിരിക്കും റീ പോസ്റ്റുമോര്‍ട്ടം നടത്തുക. രാജ് കുമാറിനെ സംസ്‌കരിച്ച് ഇന്നേക്ക് മുപ്പത്തിയേഴ് ദിവസമാകുന്നു. മൃതദേഹത്തിന്റെ അവസ്ഥ നോക്കിയായിരിക്കും എവിടെ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് നിശ്ചയിക്കുന്നത്. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. ഉന്നത ഉദ്യോഗസ്ഥരുടെയടക്കം ഇടപെടലുള്ളതുകൊണ്ട് കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് രാജ് കുമാറിന്റെ ബന്ധുക്കളുടെ ഹര്‍ജി.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്നും ഇത് കേസിനെ തന്നെ ബാധിക്കുമെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്റെ വിമര്‍ശനം. ന്യുമോണിയ മൂലമാണ് രാജ് കുമാര്‍ മരിച്ചതെന്നാണ് ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് സാഹചര്യ തെളിവുകള്‍ ഇതല്ല സൂചിപ്പിക്കുന്നത്. അത്തരം തെളിവുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യല്‍ കമ്മിഷന്‍ രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
Post Your Comments