അബുദാബി : വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം യുഎഇയില്‍ നിര്‍ബന്ധമാക്കുന്നു. അഡ്‌നോക് പമ്പുകളിലാണ് ഈ സംവിധാനം നിര്‍ബന്ധമാക്കുന്നത്. എല്ലാ വാഹന ഉടമകളും സ്മാര്‍ട് സംവിധാനത്തിലേക്ക് വരണമെന്ന് അഡ്‌നോക് ഇടപാടുകാരോട് ആവശ്യപ്പെട്ടു തുടങ്ങി. സ്മാര്‍ട് ടാഗ് സംവിധാനം നിലവിലുണ്ടെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ ഇപ്പോഴും പണം നല്‍കിയോ കാര്‍ഡ് ഉപയോഗിച്ചോ ആണ് ഇന്ധനം നിറച്ചുവരുന്നത്.
സ്മാര്‍ട് ചിപ്പ് സ്ഥാപിച്ച വാഹന ഉടമകള്‍ക്ക് പമ്പിലെത്തി സ്വന്തമായി ഇന്ധനം നിറച്ച് കൂളായി പോകാം. ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്യാനോ പണം നല്‍കാനോ കാത്തുനില്‍ക്കേണ്ടതില്ല. സ്മാര്‍ട് ടാഗില്‍ റജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍നിന്ന് നിശ്ചിത തുക സ്വമേധയാ ഈടാക്കും. അക്കൌണ്ടില്‍ പണം തീര്‍ന്നാല്‍ വിവരം എസ്എംഎസ് വഴി ഇടപാടുകാരെ അറിയിക്കും. ഇതോടെ ബാങ്ക് അക്കൗണ്ടില്‍നിന്നോ നേരിട്ടോ പണം നിറയ്ക്കാം. സ്മാര്‍ട് സംവിധാനം ഉപയോഗിച്ച് അഡ്‌നോക് സര്‍വീസ് സ്റ്റേഷനുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനും വാഹനം കഴുകാനും വാഹന പിഴ അടയ്ക്കാനും സാധിക്കും.
പ്രാദേശിക ഇന്ധന വിതരണവും പൂര്‍ണമായി സ്മാര്‍ട് സംവിധാനത്തിലാക്കുന്നതിന് മുന്നോടിയായാണ് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതെന്ന് അഡ്‌നോക് ജീവനക്കാര്‍ വിശീദകരിച്ചു. സ്മാര്‍ട് ടാഗ് ഫിറ്റ് ചെയ്ത വാഹനത്തില്‍ ഇന്ധനം നിറയ്ക്കണമെങ്കില്‍ പെട്രോള്‍ സ്റ്റേഷനിലെത്തി ഹോസെടുത്ത് ഇന്ധന ടാങ്കില്‍ വയ്ക്കുകയേ വേണ്ടു. ടാങ്കിനടുത്ത് സ്ഥാപിച്ച സ്മാര്‍ട് ടാഗ് റീഡ് ഹോസിലെ സ്‌കാനര്‍ വഴി ചെയ്ത് നിശ്ചിത തുക അക്കൗണ്ടില്‍നിന്ന് ഈടാക്കും. റജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കു തല്‍ക്കാലം സ്മാര്‍ട് ടാഗ് സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കിലും എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് പെട്രോള്‍ അടിക്കാനും സാധനം വാങ്ങാനും സാധിക്കും. ക്രെഡിറ്റ് കാര്‍ഡിന് പകരം എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്യണമെന്നു മാത്രം.
Post Your Comments