KeralaLatest News

പത്തുപതിനെട്ടു വയസുള്ള, ചിന്തിക്കാറായ പിള്ളേരോട് ഇപ്പളും ഹോബി ചോദിക്കാന്‍ നാണമാകുവേലെ-ഒരധ്യാപികയുടെ കുറിപ്പ്

സ്‌കൂള്‍/ കോളേജ് തുറക്കുന്ന ആദ്യ ദിനം കുട്ടികളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പലവട്ടം ചിന്തിച്ചായിരിക്കും ഓരോ അധ്യാപകരും ക്ലാസിലേക്ക് ചെല്ലുന്നത്. പുതിയ കുട്ടികളെ തുടക്കത്തില്‍ തന്നെ നന്നായി അഭിമുഖീകരിച്ചില്ലെങ്കില്‍ ആ വര്‍ഷം പിന്നെ ശരിയാവില്ലെന്ന തോന്നലാണ് മിക്ക അധ്യാപകര്‍ക്കും. അത്തരത്തില്‍ ഒന്നാം വര്‍ഷ ക്ലാസിലേക്കെത്തിയ അധ്യാപിക അഞ്ജുബോബി നരിമറ്റത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിപ്പോള്‍ വൈറലാകുന്നത്. ഒരു മാസം കൂടിയേ ഈ ഭൂമിയില്‍ ജീവിതം ഉള്ളുവെങ്കില്‍ പൂര്‍ത്തീകരിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന മൂന്ന് കര്യങ്ങള്‍ പറയൂവെന്ന് അഞ്ജുബോബി വിദ്യാര്‍ത്ഥികളോടായി ചോദിച്ചു. ചില ഉത്തരങ്ങള്‍ ടീച്ചറെ പൊട്ടിചിരിപ്പിച്ചുവെങ്കില്‍ ചിലതു കണ്ണ് നനയിച്ചുവെന്ന് അധ്യാപികയുടെ പോസ്റ്റ് വായിച്ചാല്‍ മനസിലാകും.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒന്നാം വർഷ ക്ലാസുകൾ തുടങ്ങി. കഷ്ടിച്ച് 18 വയസുള്ള പ്ലസ് ടു പിള്ളേരിൽ നിന്നും കോളേജ്സ്റ്റുഡന്റസ് ആയതിന്റെ ആവേശവും പകപ്പും അഭിമാനചിരിയുമായി ക്ലാസ്‌റൂമിൽ അവര് നമ്മളേം കാത്തങ്ങനിരിക്കും.
കുറേക്കാലം മുൻപുവരെ ആദ്യത്തെ ദിവസത്തെ ക്ലാസ്സ്‌ എങ്ങനെ മാനേജ് ചെയ്യണമെന്ന് എനിക്ക് വല്യ പിടിയില്ലായിരുന്നു. എന്റെ സെൽഫ് ഇൻട്രൊഡക്ഷൻ കഴിഞ്ഞു പിള്ളേരെ കൊണ്ട് പറയിപ്പിക്കും. അത് കഴിഞ്ഞു ഞാൻ പിള്ളേരെ തുറിച്ചു നോക്കി നിൽക്കും, അവര് തിരിച്ചിങ്ങോട്ടും. പുസ്തകം കിട്ടി പഠിപ്പിച്ചു തുടങ്ങുന്നതുവരെ എനിക്കൊരു വെപ്രാളമായിരുന്നു. തൊടുപുഴയിലെ കോളേജിൽ കയറിയപ്പോഴാണ് ഇതിനൊരു മാറ്റം വന്നത്.
ജനറൽ PTA കഴിഞ്ഞു ഓരോ ബാച്ചുകാരും അവരവരുടെ ക്ലാസ്സിൽ വന്നിരിക്കുമ്പോൾ ക്ലാസ്സ്‌ ടീച്ചറോ അല്ലെങ്കിൽ അവിടെ പഠിപ്പിക്കുന്ന ഏതെങ്കിലും ടീച്ചറോ ചെന്ന് എൻഗേജ് ചെയ്യണം. എനിക്ക് കിട്ടിയത് ബി കോമാണ്. പതിവ് പരിപാടി തന്നെ. എല്ലാരുടേം സെൽഫ് ഇൻട്രൊഡക്ഷൻ. മുൻബെഞ്ചിൽ ഇരിക്കുന്ന ഒരു പയ്യൻ എന്നെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നു. മുഖത്തു ചെറിയ അതൃപ്തി.
“എന്നാ നോക്കുന്നെ” എന്ന് ചോദിച്ചപ്പോൾ “പയങ്കരി ആണോ”ന്നു നോക്കിയതാണെന്ന്. (പയങ്കരി എന്ന് വച്ചാൽ ഭയങ്കരി / ദുഷ്ടത്തി ). എനിക്ക് ചിരി വന്നു. “എന്നിട്ട് എന്നാ തോന്നി? ” ഞാൻ കിള്ളിക്കിഴിഞ്ഞു ചോദിക്കാൻ തുടങ്ങി.
” പയങ്കരിയൊന്നുമല്ല. പക്ഷെ വല്യ ബുദ്ധിയൊന്നുമില്ല ” എന്ന മറുപടിയിൽ എന്റെ ചിരി മാഞ്ഞു പെട്ടന്ന് മാടമ്പിള്ളിയിലെ ചിത്തഭ്രമക്കാരിയായി. “അതല്ല മിസ്സേ… സ്കൂൾ തുറന്നു ചെല്ലുമ്പോ എല്ലാ കൊല്ലോം പേര്, വീട്, ഹോബി ചോദിക്കുന്ന വഴിപാട് ഉണ്ടാരുന്നു. കോളേജിൽ എങ്കിലും അതിനൊരു മാറ്റം ഉണ്ടാകുന്നാ ഓർത്തത്. പത്തുപതിനെട്ടു വയസുള്ള, ചിന്തിക്കാറായ പിള്ളേരോട് ഇപ്പളും ഹോബി ചോദിക്കാൻ നാണമാകുവേലെ…പകരം ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം ആരെയാ, ഏറ്റോം മിസ്സ്‌ ചെയ്യുന്നത് എന്താ, ഒരു മാസത്തിനുള്ളിൽ ചാകും എന്നുറപ്പായാൽ ഒട്ടും വൈകിക്കാതെ ചെയ്യുന്ന കാര്യങ്ങൾ / ആഗ്രഹങ്ങൾ എന്തൊക്കെയാ എന്നൊക്കെ ചോദിച്ചാൽ പിള്ളേരുടെ ഉള്ളിലിരിപ്പും പിടികിട്ടും, നമ്മൾ തമ്മിലൊരു അടുപ്പോമാകും, ഈ മൂന്നു കൊല്ലോം ഞങ്ങളൊക്കെ ടീച്ചർമാരുടെ പോക്കറ്റിലുമാകും. അതൊന്നും ചെയ്യാതെ,
എന്റെ പേര് ദാമു
എന്റെ അച്ഛൻ കോമു
എന്റെ വീട് ദൂരെ
എന്റെ ഹോബി റീഡിങ്
എന്ന് പാടിച്ചിട്ടു ഇരുത്തും.”
ഈ വെളിപ്പെടുത്തലിൽ ഞാൻ വിളറിപ്പോയി. സത്യമാണ്, ഞാനും ഇങ്ങനെ പറയിപ്പിച്ചു ഇരുത്തുന്ന മണ്ടിയാണ്. എന്തായാലും ഉപദേശം സ്വീകരിച്ചു ആ ക്ലാസ്സിൽ തന്നെ നടപ്പാക്കി. എന്തൊക്കെ തരം ആഗ്രഹങ്ങൾ !!! എന്തെല്ലാം രഹസ്യങ്ങൾ !!!! ചിലതെല്ലാം കേട്ട് ഞങ്ങൾ ഒന്നിച്ചു ചിരിച്ചു. ചിലതു കേട്ട് കണ്ണ് നിറച്ചു. വേറെ ചിലതു കേട്ട് ആവേശം കൊണ്ടു കയ്യടിച്ചു. ചുരുക്കത്തിൽ ഒന്നോ രണ്ടോ ക്ലാസുകൾ കൊണ്ട് ഞങ്ങൾ അടർത്തി മാറ്റാനാവാത്തവണ്ണം അടുത്തു. ക്ലാസ്സിലാത്തപ്പോൾ പോലും അവരെന്നെ തേടി വന്നു. ക്ലാസ്സ്‌ കഴിഞ്ഞു പോയിട്ടും വഴിയിൽ വച്ചു കാണുമ്പോൾ ഓടി വന്നു കൈപിടിച്ചു.
സെൻറ് ജോസഫ്‌സിൽ ജോയിൻ ചെയ്തപ്പോളും ഇതേ രീതി തന്നെ ആണ് ആദ്യ ദിവസ ക്ലാസുകളിൽ ഫോളോ ചെയ്തത്. പേരും മൂന്നേ മൂന്നു ഉത്തരങ്ങളും ; ഒരു മാസം കൂടിയേ ഈ ഭൂമിയിൽ ഉള്ളുവെങ്കിൽ തീർച്ചയായും പൂർത്തീകരിക്കുന്ന മൂന്ന് ആഗ്രഹങ്ങൾ ആണ് പറയേണ്ടത്. ആദ്യം ആദ്യം പറയുന്നവർ നാണിച്ചും മടിച്ചും നിന്നെങ്കിലും പിന്നാലെ പറഞ്ഞവർ ആവേശത്തോടെ സത്യസന്ധമായി പറഞ്ഞു. നീളൻ പാവാടയിട്ടു കുറി തൊട്ട കുഞ്ഞി ഒരു പെൺകുട്ടി വളരെ പതുക്കെ ആണ് സംസാരിച്ചത്. തൊട്ടടുത്തു പോയി നിന്ന് ചെവി വട്ടം പിടിച്ചപ്പോൾ “എനിക്ക് ബുള്ളറ്റ് ഓടിച്ചു കോളേജിൽ വരണം മിസ്സേ ” എന്ന്. വേറൊരാൾ “എനിക്ക് രാത്രി ആരേം പേടിക്കാതെ എന്തേലുമൊക്കെ തിന്നോണ്ട് ഉറക്കെ ചിരിച്ചും വർത്താനം പറഞ്ഞും ടൗണിൽ കൂടി നടക്കണം ” എന്ന്. ശ്ശെടാ.. എന്റെ ആഗ്രഹം എങ്ങനാ ഈ കൊച്ച് അറിഞ്ഞത്… എനിക്ക് അത്ഭുതം. ഒരു വിരുതന് സണ്ണി ലിയോണിനെ കാണണം. കപട സദാചാര വാദികൾ എല്ലാരുംകൂടെ അയ്യേന്ന് കണ്ണുപൊത്തി. പതിയെ പതിയെ ബലം പിടിച്ചു ഗൗരവത്തിൽ ഇരുന്നവർ ചിരിക്കാനും കയ്യടിക്കാനുമൊക്കെ തുടങ്ങി.
മുന്നിൽ ഇരുന്ന ഒരു കുട്ടി. തേയില എസ്റ്റേറ്റിലെ ലയത്തിലാണ് താമസം. മഴ പെയ്യുമ്പോൾ പാത്രം വയ്ക്കേണ്ടാത്ത ഒരു വീട് വേണം എന്നതാണ് ഏറ്റവും വല്യ ആഗ്രഹം. എനിക്ക് ജാള്യത തോന്നി. അരിശം വരുമ്പോൾ നല്ല സൗകര്യമുള്ള വീട്ടിലിരുന്നു “അടുക്കളയിൽ ഒട്ടും ഇടമില്ല, പാത്രങ്ങൾ ഒക്കെ ഞാനിനി തലേൽ ചുമന്നോണ്ട് നിൽക്കണോ” എന്ന് ആക്രോശിക്കുന്ന എന്നോട്, എനിക്ക് തന്നെ ഇഷ്ടക്കേട് തോന്നി.
നീല ഉടുപ്പുകാരിയുടെ അച്ഛൻ മൂന്നുമാസം മുൻപ് മരിച്ചു പോയി. മുതിർന്നു കഴിഞ്ഞു അവൾ അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒന്നുമ്മ വച്ചിട്ടില്ല. മരച്ച തണുപ്പുള്ള മുഖത്താണ് ഉമ്മ വച്ചതും തൊട്ടതും. “അച്ഛനെ എനിക്ക് ജീവനോടെ ഒന്നൂടി തൊടണം മിസ്സേ. അച്ഛൻ പാവം ആയിരുന്നു, പക്ഷെ ഞാൻ വേണ്ടപോലെ സ്നേഹിച്ചില്ല ” എന്ന് പറഞ്ഞു നിർത്തിയപ്പോൾ അവൾ ചിരിച്ചോണ്ട് കരച്ചിലടക്കി. അടുത്തയാൾ പറയാൻ തുടങ്ങി. കുഞ്ഞി ഒരു പയ്യൻ. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. മുത്തശ്ശന്റെ കൈ പിടിച്ച് ക്ലാസ്സിലേക്ക് വന്നപ്പോളേ ശ്രദ്ധിച്ചിരുന്നു. “മരിക്കുന്നതിന് മുൻപ് എനിക്ക് കൂട്ടുകാരുടെ കൂടെ ബുള്ളറ്റിൽ ഒരു റൈഡ് പോണം മിസ്സേ. പിന്നെ എനിക്ക് ഏതേലും ഒരു വണ്ടി ഓടിക്കണം ” “ഒക്കെ നടക്കുമെടാ. ഇത്രേം കൂട്ടുകാർ ഇരിപ്പില്ലേ ചുറ്റിനും” എന്ന് പറഞ്ഞു ഞാൻ പ്രോത്സാഹിപ്പിച്ചു. അവന്റെ കണ്ണുകളിൽ തിളക്കം. “പിന്നെ എനിക്കെന്റെ അമ്മേടെ അടുത്തു പോയി കുറച്ചു നാളു നിൽക്കണം.” ഗൾഫിലാരിക്കും. ഞാനൂഹിച്ചു. “അമ്മ എനിക്ക് ആറു വയസുള്ളപ്പോൾ അച്ഛന്റെ അടുത്തുനിന്നു പിരിഞ്ഞു പോയതാണ്. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ച അമ്മേടേം അതിലുണ്ടായ പെങ്ങളുടേം കൂടെയാണ് അവന്റെ താമസം . അവരൊക്കെ നല്ല ഇഷ്ടമാണ്. ന്നാലും എനിക്കെന്റെ സ്വന്തം അമ്മേടെ കൂടെ പോയി നിൽക്കണമെന്ന് തോന്നുവാ.” ക്ലാസ്സിലാകെ നിശബ്ദത. എല്ലാരും സങ്കടം അടക്കി വച്ച് ദൂരെക്ക്‌ നോക്കിയിരുന്നു കേൾക്കുന്നു. എനിക്കും ഒന്നും പറയാനില്ലായിരുന്നു. വർഷങ്ങൾക്കു മുൻപേ ഉപേക്ഷിച്ചു പോയ അമ്മയെയും പ്രതീക്ഷിച്ചു ഇപ്പോഴും വഴിയിലേക്ക് നോക്കിയിരിക്കുന്ന ഈ കുഞ്ഞിനോട് ഞാനെന്തു പറയാനാണ്….
എനിക്കപ്പോൾ ജനറൽ മീറ്റിംഗിൽ പ്രിൻസിപ്പൽ സാജു സർ പ്രസംഗിച്ചത് ഓർമ വന്നു……..
“നിങ്ങൾ ടീച്ചേർസ് നല്ല സ്ട്രിക്ട് ആയിരിക്കണം. ID ടാഗ് ഇല്ലാത്തോരെയും യൂണിഫോം ഇടാത്തവരെയും ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്നൊരെയും ഒക്കെ ശാസിക്കണം. ഞാനിങ്ങനെ പറഞ്ഞെന്നു പറഞ്ഞു നിങ്ങൾ ഓടിപോയി പിള്ളേരുടെ മെക്കിട്ട് കേറരുത്. അവര് അങ്ങനൊക്കെ ചെയ്യുന്നതിന്റെ പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടോന്ന് കൂടി അന്വേഷിക്കണം. അവൻ ചിലപ്പോ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല , ചിലപ്പോ കോളേജിലേക്ക് പോരുംന്നേരം വീട്ടിൽ കാർന്നോമ്മാര് തമ്മിലെ വഴക്ക് കണ്ടു പേടിച്ചിട്ടാവും ഇങ്ങോട്ട് പോന്നത്, രാത്രി പണിക്ക് പോയിട്ടു ആയിരിക്കും പഠിക്കാൻ വരുന്നത്, ചിലപ്പോ ഉടുക്കാൻ ഡ്രസ്സ്‌ ഉണ്ടാവില്ല… ഇതൊക്കെ മനസിലാക്കി അതുകൂടി പരിഗണിച്ചിട്ടേ അവർക്കുള്ള ശിക്ഷയോ ശാസനയോ ഒക്കെ കൊടുക്കാവൂ. സ്നേഹിക്കുന്നവനേ ശാസിക്കാനുമുള്ള അധികാരം ഉള്ളു എന്ന് ഓരോ നിമിഷവും ഓർമ വേണം….. ”
ഞാനടക്കമുള്ള അധ്യാപകർക്കു കിട്ടേണ്ട ഏറ്റവും വലിയ ഉപദേശം ആണത്. ഒരു ദിവസം യൂണിഫോം ഇട്ടില്ലെങ്കിലോ ഒരിക്കൽ ഹോം വർക്ക്‌ ചെയ്തില്ലെങ്കിലോ ഒന്നും ഈ ലോകം നിന്നു പോവില്ല. യൂണിഫോമും ID കാർഡും ഹോം വർക്കും ചെക് ചെയ്യുന്ന കൂട്ടത്തിൽ അവര് ഭക്ഷണം കഴിച്ചോ എന്ന്, പിഞ്ഞിയ ഉടുപ്പിന് പകരം മാറ്റിയുടുക്കാനുള്ളത് വേറെ ഉണ്ടോ എന്ന്, കവിളിലെ മുറിപ്പാട് ഷേവ് ചെയ്തപ്പോ പറ്റിയതാണോ അതോ വീട്ടിൽ അമ്മയ്ക്കും അച്ഛനുമിടയിൽ വഴക്കിനു നടുവിൽ നിന്നപ്പോ കിട്ടിയതാണോ എന്ന്, കണ്ണിലെ കലക്കം ഉറങ്ങാതിരുന്നതു കൊണ്ടാണോ അതോ എപ്പോ വേണേലും പെട്രോൾ ഒഴിച്ച് കത്തിച്ചേക്കാമെന്ന ഭീതി ആണോ എന്ന് കൂടി അന്വേഷിക്കാൻ നമ്മളൊക്കെ ഇവിടുണ്ടെന്നു പിള്ളേർക്ക് ബോധ്യപ്പെട്ടാൽ അവരുടെ ജീവിതം എത്ര നിറമുള്ളതാവും…… ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ ഇത്തിരിയെങ്കിലും നിറം ചാലിക്കാൻ എല്ലാർക്കും കഴിയട്ടെ…
പടത്തിൽ ഉള്ളത് പ്രിൻസിപ്പൽ Saju Sebastian സാറാണ്, പിന്നെ കോളേജും.

https://www.facebook.com/permalink.php?story_fbid=613551975802258&id=100014423832851

shortlink

Related Articles

Post Your Comments

Related Articles


Back to top button