Latest NewsIndia

ശബരിമലയിലേക്ക് ബിജെപിയിലെ വനിത എംപിമാരെ പ്രത്യേക വിമാനത്തിലയക്കാന്‍ ധൈര്യം കാണിക്കണമെന്ന് ഒവൈസി

ശബരിമലയിലും മുത്തലാഖിലും പ്രധാനമന്ത്രിക്ക് രണ്ട് നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ന്യൂഡൽഹി: മുത്തലാഖ് ബില്ലിന്റെ ചൂടേറിയ ചർച്ചകൾക്കിടെ ശബരിമല സ്ത്രീപ്രവേശനവും. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും സംസാരിക്കുന്നതെങ്കില്‍ ശബരിമലയിലേക്ക് ബിജെപിയിലെ വനിത എംപിമാരെ പ്രത്യേക വിമാനത്തിലയക്കാന്‍ ധൈര്യം കാണിക്കണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.

ശബരിമലയിലും മുത്തലാഖിലും പ്രധാനമന്ത്രിക്ക് രണ്ട് നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമലയിലെ യുവതി പ്രവേശനം സാധ്യമാക്കാന്‍ മോദി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമോയെന്നും ഒവൈസി ചോദിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് ബില്‍ പാസാക്കുന്നതെന്തിനെന്നായിരുന്നു ഒവൈസിയുടെ പ്രധാനചോദ്യം.പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭ പാസാക്കിയത്. ബില്ലിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോൺഗ്രസ് വോട്ടു ചെയ്തു.

മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്.

shortlink

Related Articles

Post Your Comments

Related Articles


Back to top button