പ്രണയം മനോഹരമായി പറഞ്ഞുവെച്ച മലയാള സിനിമകള്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. അക്കൂട്ടത്തിലേക്കിതാ മറ്റൊരു പ്രണയ ചിത്രം കൂടി. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ ഷോയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ ലഭിക്കുന്ന പ്രേക്ഷകപ്രതികരണം തെളിയിക്കുന്നതും അതാണ്.
പ്രണയം ഒരിക്കലും സമ്പത്തോ പദവിയോ നോക്കി ആയിരിക്കില്ല. പ്രണയിനിയെ സ്വന്തമാക്കാന്‍ കാമുകന് നടത്തുന്ന സാഹസങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടു കൂടിയാണ് സംവിധായകന് ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയാണ് ഫസ്റ്റ് ഹാഫ് അവസാനിപ്പിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന സെക്കന്റ് ഹാഫിനായി കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷകപ്രതികരണം. ആല്‍ബങ്ങളിലൂടെ മലയാളി മനസില്‍ ഇടംനേടിയ ഈസ്റ്റ് കോസ്റ്റ് വിജയന് തന്റെ മൂന്നാമത്തെ ചിത്രത്തില്‍ മനോഹരങ്ങളായ ഗാനങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ സെക്കന്റ് ഹാഫും പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് മറ്റൊരു പ്രേക്ഷകന്റെ വിലയിരുത്തല്‍.
മലയാള സിനിമയിലിപ്പോള്‍ കോമഡി രംഗങ്ങള്‍ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായിരിക്കുന്ന ഹരീഷ് കണാരന് ചിത്രത്തില്‍ മുഴുനീള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സോനു, ശിവകാമി എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്, നോബി, ബിജുക്കുട്ടന്, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.
വിനയനെന്ന പേരില്‍ അഖില്‍ പ്രഭാകറും സമ്പത്തെന്ന കഥാപാത്രമായി ഹരീഷ് കണാരനും എത്തുന്നു. ഇരുവരുടേയും കോമ്പിനേഷന്‍ രംഗങ്ങളും വിനയന്റെ പ്രണയരംഗങ്ങളുമാണ് ഫസ്റ്റ് ഹാഫ് പറയുന്നത്. മീനാക്ഷി(ശിവകാമി)- വിനയന് പ്രണയജോഡി തീയേറ്റര്‍ കീഴടക്കുമെന്നതില്‍ സംശയം തെല്ലുമില്ലെന്നാണ് ഫസ്റ്റ് ഹാഫ് കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ അഭിപ്രായം. സമ്പന്നനായ നായരുടെ (സുരാജ്) മകളാണ് മീനാക്ഷി. ഒട്ടും സമ്പന്നനല്ലാത്തതും അനാഥനുമായ വിനയന് കാമുകിയുടെ അച്ഛന്റെ നിബന്ധനകളൊരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടി വരുന്നതാണ് ഇനിയുള്ള രംഗങ്ങളില്‍. മീനാക്ഷിയെ വിനയന് സ്വന്തമാക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്നത് കാണുക തന്നെ വേണം. സസ്പെന്സുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഊഹാപോഹങ്ങള്‍ക്കിട നല്‍കുന്നില്ല. കൃത്യമായ അവതരണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. അശ്ലീലതയോ അര്‍ത്ഥം വെച്ചുള്ള സംഭാഷങ്ങളോ ഇല്ലാതെ കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല.
എം. ജയചന്ദ്രന് നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുകയാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലൂടെ. എം. ജയചന്ദ്രന് ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന് എന്നിവരുടെതാണ് ഗാനരചന. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്വ്വന് യേശുദാസ്, ശങ്കര്‍ മഹാദേവന്, പി. ജയചന്ദ്രന്, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. പ്രണയത്തിന്റെ എല്ലാ ചേരുവകളും ഈ ഗാനങ്ങളിലുണ്ട്.
Post Your Comments