ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാതെ ഡൽഹി മുഖ്യമന്ത്രി കേജരിവാള്‍. ഡൽഹി സര്‍ക്കാറിന്റെ ഈ നടപടി വിവാദത്തിലായിരിക്കുകയാണ്.കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്ര വിരുദ്ധന്‍മാരെ സംരക്ഷിക്കാനാണ് കെജരിവാള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കുറ്റപത്രം സമര്‍പ്പിക്കാനുള്ള അനുമതി നല്‍കാന്‍ കെജരിവാള്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ നാലു മാസങ്ങള്‍ക്കപ്പുറം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടത്തിയ പ്രകടനത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതാണ് കേസ്. ഈ കേസില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് ആം ആദ്മി സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്.വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കാന്‍ പോലീസിന് കോടതി രണ്ടുമാസത്തെ സമയം നേരത്തെ അനുവദിച്ചിരുന്നു. കനയ്യകുമാര്‍, ഉമര്‍ ഖാലിദ് ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരേ കഴിഞ്ഞ ജനുവരി 14ന് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കുറ്റപത്രം നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലെന്ന ഒറ്റക്കാരണത്താല്‍ കോടതി തള്ളുകയും തുടര്‍ന്ന് സര്‍ക്കാരിന്റെ അനുമതിയോടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി വീണ്ടും നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
Post Your Comments