UAELatest NewsIndiaGulf

തടവുകാരുടെ കൈമാറ്റ പ്രഖ്യാപനം ; ഇന്ത്യന്‍ തടവുകാര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍

അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം വൈകാതെയുണ്ടാകുമെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഎഇയിലെ ഇന്ത്യന്‍ തടവുകാര്‍. കരാര്‍ പ്രകാരം 120 തടവുകാര്‍ ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ കഴിയാമെന്ന സമ്മതം പത്രം നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും നീണ്ടുപോവുകയായിരുന്നു.

ഇതിനിടയില്‍ പട്ടികയിലെ ചിലര്‍ യുഎഇ വിവിധ സമയങ്ങളിലായി നല്‍കിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ മോചിതരായി നാട്ടിലെത്തി. ശേഷിച്ച 77 പേരാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നത്.

ഇന്ത്യയും യുഎഇയും തമ്മില്‍ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് 2011 നവംബര്‍ 23നാണ് ന്യൂഡല്‍ഹിയില്‍ കരാര്‍ ഒപ്പുവച്ചത്. ഈ കരാറിന് 2013 ഫെബ്രുവരിയില്‍ യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും ജയിലുകളിലുള്ള പൗരന്മാരെ അവരുടെ താല്‍പര്യപ്രകാരം പരസ്പരം കൈമാറാം. ഇതോടകം കുറ്റം തെളിയിക്കപ്പെട്ടവരും കുറഞ്ഞത് ആറു മാസം തടവെങ്കിലും ബാക്കിയുള്ളവരെയും മാത്രമാണു കൈമാറ്റത്തിനു പരിഗണിക്കുക.

വിചാരണ തടവുകാര്‍ക്ക് ബാധകമല്ല. കൊലപാതകം, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഗുരുതര കുറ്റങ്ങള്‍ ചെയ്തവരെ കൈമാറ്റത്തിന് പരിഗണിക്കില്ലെന്നും കരാര്‍ വ്യക്തമാക്കുന്നു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 149 ഇന്ത്യക്കാരെ മോചിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ജലിലുകളില്‍ ശിക്ഷ അനുഭവിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച 77 തടവുകാരുടെ പട്ടിക ഇന്ത്യന്‍ കോണ്‍സുലേറ്റ് കൈമാറിയിരുന്നതായും മന്ത്രി സൂചിപ്പിച്ചു. തടവുകാരെ കൈമാറാന്‍ യുഎഇയും സ്വീകരിക്കാന്‍ ഇന്ത്യയും അന്തിമ അനുമതി നല്‍കേണ്ടതുണ്ടെന്നും ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും പറഞ്ഞു. ലോക്‌സഭയില്‍ രാഹുല്‍ കസ്്വാന്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഇതോട് തടവുകാര്‍ക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button