തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 24 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മരുന്ന് വാങ്ങല്‍, വാഹനം, ഓഫീസ് ചെലവ്, മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായാണ് 24 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതുവരെ രണ്ടര ലക്ഷത്തിലധികം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്. 2008 മുതല്‍ 2016 വരെ 8 വര്‍ഷക്കാലത്തിനുള്ളില്‍ 38 യൂണിറ്റുകള്‍ മാത്രമാണ് വയോമിത്രം പദ്ധതിക്കുണ്ടായിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ 55 പുതിയ യൂണിറ്റുകള്‍ സ്ഥാപിച്ച് ഈ പദ്ധതി ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു. ഓരോ ജില്ലയിലും ഒരു ബ്ലോക്കിലെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ വയോമിത്രം പദ്ധതി തുടങ്ങുക എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ദൗത്യമെന്നും മന്ത്രി വ്യക്തമാക്കി.
വരുമാന പരിധിയില്ലാതെ 65 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് വയോമിത്രം. മൊബൈല്‍ ക്ലിനിക്കും കൗണ്‍സിലിംഗും മരുന്നും എ.പി.എല്‍., ബി.പി.എല്‍. ഭേദമന്യേ നല്കുന്നു. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവിധ പരിപാടികളും വയോമിത്രം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. കിടപ്പുരോഗികളുടെ വീടുകളില്‍ പോയി പാലിയേറ്റീവ് ഹോം കെയര്‍ നല്കുന്നു. കൂടാതെ ആശുപത്രികളില്‍ വയോജനങ്ങളെ കൊണ്ടു പോകുന്നതിന് സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാക്കുന്നു. വയോജന പ്രശ്നങ്ങളുടെ സംശയ ദുരീകരണത്തിന് പ്രത്യേകം ഹെല്പ് ഡസ്കും പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments