അബുദാബി : പരിശീലന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഉടന്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കും. 1910 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ സജ്ജമാക്കിയത്. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരുടെ ശേഷി വര്‍ഷത്തില്‍ 4.5 കോടിയായി ഉയരും. നിലവില്‍ ഇത് 2 കോടിയാണ്.
പരിശീലന പറക്കലില്‍ 2 എത്തിഹാദ് വിമാനങ്ങളും 800 വൊളന്റിയര്‍മാരും പങ്കെടുത്തു. ജനങ്ങളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പരിശീലന പരിപാടി നടത്തിയത്. ഇതിനിടയില്‍ ലഗേജ് കയറ്റല്‍, ഇന്ധനം നിറയ്ക്കല്‍, സുരക്ഷാപരിശോധന എന്നിവയെല്ലാമുണ്ടായി. പരിശീലനം വിജയകരമായതോടെ എത്രയും വേഗം തുറക്കാനാണ് പദ്ധതിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ബ്രയാന്‍ തോംസണ്‍ പറഞ്ഞു.
രാവിലെ 9.30ന് യാത്രക്കാരെ വിമാനങ്ങളില്‍ കയറ്റി 80 മിനിറ്റ് പറന്ന ശേഷം തിരിച്ചിറക്കി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മിഡ്ഫീല്‍ഡ് ടെര്‍മിനലിനു മണിക്കൂറില്‍ 8,500 പേരെ കൈകാര്യം ചെയ്യാനും വര്‍ഷം 5 ലക്ഷം ബാഗേജുകള്‍ കൈകാര്യം ചെയ്യാനും ശേഷിയുണ്ട്.
Post Your Comments