KeralaLatest News

സ്‌പോര്‍ട്ട് ക്വോട്ടയില്‍ അഡ്മിഷന്‍കിട്ടാന്‍ മാനദണ്ഡമെന്ത്; സര്‍വകലാശാലയുടെ വിചിത്ര നടപടികള്‍ ഇങ്ങനെ

തിരുവനന്തപുരം : കേരളത്തിലെ കോളജുകളില്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തട്ടിപ്പിനു വഴിയൊരുക്കുന്നതു സര്‍വകലാശാലകളുടെ വിചിത്ര മാനദണ്ഡം. അപ്രധാന കായിക ഇനങ്ങളിലെ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ക്രമക്കേടുകളേറെയും. വള്ളിച്ചാട്ടം എന്നു വിളിക്കുന്ന റോപ് സ്‌കിപ്പിങ്, ചീട്ടുകളിയുടെ മറ്റൊരു പതിപ്പായ ബ്രിജ്, ഫിന്‍ലന്‍ഡിന്റെ ദേശീയ കായിക ഇനമായ പെസപ്പല്ലോ തുടങ്ങിയ ഇനങ്ങളില്‍ ‘മത്സരിച്ചവര്‍ക്കും’ കോളജുകളില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ അഡ്മിഷന്‍ കിട്ടും.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രം സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശത്തിനു പരിഗണിക്കുന്ന കേരള സര്‍വകലാശാല മാത്രമാണ് മാനദണ്ഡങ്ങള്‍ കാത്തുസൂക്ഷിക്കുന്നത്. സംസ്ഥാനത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. നാട്ടില്‍ പ്രചാരത്തിലില്ലാത്ത കായിക ഇനങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ രൂപീകരിച്ച ചില കടലാസ് സംഘടനകളാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്. ഇവയ്‌ക്കെല്ലാം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് അംഗീകാരം നല്‍കിയതോടെ ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആവശ്യക്കാരായി.

ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ബോര്‍ഡ് അംഗീകരിച്ച കായിക ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്കെല്ലാം സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തിന് അനുമതിയുണ്ടെന്ന നിയമമാണ് ഇതിനു കാരണം. ആ മത്സര ഇനത്തിനു നാട്ടില്‍ പ്രചാരമുണ്ടോയെന്നതു പ്രസക്തമല്ല. അത്‌ലറ്റിക്‌സിനും അപ്രധാന ഇനമായ കിക്ക് ബോക്‌സിങ്ങിനും കോളജുകളില്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തില്‍ ലഭിക്കുന്നത് ഒരേ വെയിറ്റേജാണ്.

സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശന വിഷയത്തില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ പിന്തുടരുന്നത് വ്യത്യസ്ത രീതികള്‍. കേരള, എംജി സര്‍വകലാശാലകള്‍ കഴിഞ്ഞവര്‍ഷം മുതല്‍ സ്‌പോര്‍ട്‌സ് ക്വോട്ട സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. സര്‍ട്ടിഫിക്കറ്റ് പരിശോധന സര്‍വകലാശാലാതലത്തില്‍ തന്നെ പൂര്‍ത്തിയാക്കും. എന്നാല്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇപ്പോഴും കോളജുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തി ഓരോ കോഴ്‌സിനും പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ കോളജുകള്‍ പുറത്തിറക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button