തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ തിരിച്ചറിഞ്ഞ 10 പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉടനിറക്കുമെന്ന് പൊലീസ്. പ്രതികളുടെ വീടുകളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ജൂലൈ 12 വെള്ളിയാഴ്ചയായിരുന്നു അഖില്‍ ചന്ദ്രനെന്ന യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ സഹപാഠികളായ എസ്.എഫ്‌ഐ നേതാക്കളുടെ സംഘം കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് കണ്ടത് ഒറ്റക്കക്ഷി രാഷ്ട്രീയത്തിനും എസ്.എഫ്.ഐയുടെ കിരാത നടപടികള്‍ക്കും എതിരെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് തന്നെഉയര്‍ന്ന അസാധാരണ പ്രതിഷേധം .
മറ്റൊരു വിദ്യാര്‍ഥി സംഘടനക്കും പ്രവര്‍ത്തന സ്വാതന്ത്യം നല്‍കുന്നില്ല, വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്നു , കോളജിനെ ഇടിമുറിയാക്കി എന്നുള്ള പരാതി പ്രളയം ചെന്നെത്തിയത് കുത്തുകേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ സര്‍വകലാശാല ഉത്തരകടലാസുകളിലാണ്. കുത്തുകേസിലെ പ്രതികള്‍ പിഎസ്.സി പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്‍പ്പെടെ ഇടംപിടിച്ചെന്ന വാര്‍ത്തകൂടിയെത്തിയതോടെ പ്രതിഷേധം രൂക്ഷമായി.
ആ പ്രതിഷേധം തുടരുകയുമാണ്. ഒരാഴ്ചക്കിടെ ഉന്നതവിദ്യാഭ്യാസമന്ത്രിയും വിസിയും നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കേണ്ടിയും വന്നു. ക്യാമ്പസിലെ രാഷ്ട്രീയത്തെ ചുറ്റി കേരളരാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെയാണ് കോളജ് വീണ്ടും തുറക്കുന്നത്. സമാധാന അന്തരീക്ഷം ഉറപ്പാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും എസ്.എഫ്.ഐ കോളജിലാകെ ഉയര്‍ത്തിയ കമാനങ്ങള്‍പോലും ഇത്്്വരെ നീക്കാനായിട്ടില്ല.
10 ദിവസമായി അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് നാളെ തുറക്കും. അക്രമരാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളജ് അധികൃതരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ കെ.എസ്.യു മുതല്‍ എ.ഐ.എസ്.എഫ് വരെയുള്ള സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുകയുമാണ്.
Post Your Comments