തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായി വലിയ വീടുനിർമിച്ചവർക്ക് അവസാനഗഡു പണം നൽകില്ലെന്ന് തീരുമാനം. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവർക്ക് വീടുവെക്കാൻ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നാലുലക്ഷംരൂപവീതം സർക്കാർ അനുവദിച്ചിരുന്നു. ഈ വീടുകൾക്ക് 420 ചതുരശ്രയടിവരെമാത്രമേ വിസ്തീർണം പാടുള്ളൂ എന്നായിരുന്നു നിർദേശം. എന്നാൽ, ഒട്ടേറെ ഗുണഭോക്താക്കൾ സർക്കാരിന്റെ സഹായത്തിനുപുറമേ, മറ്റു മാർഗങ്ങളിൽക്കൂടി പണം കണ്ടെത്തി കൂടുതൽ വിസ്തീർണമുള്ള വീടുകൾ നിർമിക്കുകയായിരുന്നു.
ഇത്തരത്തിൽ വീടുവെച്ചവർക്ക് സർക്കാർ സഹായം കിട്ടാനുള്ള അർഹത പുനഃപരിശോധിക്കാനും അനർഹരെന്ന് കണ്ടാൽ മുഴുവൻ തുകയും തിരിച്ചുപിടിക്കാനും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാരസമിതി തീരുമാനിച്ചു. വിസ്തീർണമുള്ള വീടുകൾ നിർമിച്ചവർ മറ്റുമാർഗങ്ങളിൽ പണം കണ്ടെത്താനാവുന്നവരും സർക്കാരിന്റെ സഹായം ആവശ്യമില്ലാത്തവരുമാണ് എന്നാണ് സർക്കാരിന്റെ പ്രാഥമികനിഗമനം. അതിനാലാണ് അർഹത പുനഃപരിശോധിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
Post Your Comments