KeralaLatest News

ഇന്ത്യക്കാരുടെ മോചനം; ഇറാനുമായി നയതന്ത്രനീക്കം തുടങ്ങിയെന്ന് കേന്ദ്രം

കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി. 18 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. നയതന്ത്ര നീക്കങ്ങള്‍ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

ഇറാന്‍ വെള്ളിയാഴ്ച പിടിച്ചെടുത്തത് സ്റ്റെന ഇംപേര എന്ന എണ്ണക്കപ്പലാണ്. ഇതിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലെ ക്യാപ്റ്റനടക്കം മൂന്നുപേര്‍ മലയാളികളാണെന്ന വിവരവും പുറത്തുവന്നിരുന്നു.

ഇറാനുമായി ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും കപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിവരങ്ങള്‍ ഔദ്യോഗികമായി ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ്. ഇറാന്‍ അധികൃതര്‍ക്ക് പുറമെ ഷിപ്പിങ് കമ്പനിയുമായും ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി കപ്പലിലുള്ള ഡിജോ പാപ്പച്ചന്റെ പിതാവ് പാപ്പച്ചനെ കപ്പല്‍ ഉടമകളായ സ്റ്റെനാ ബള്‍ക്ക് ഫോണില്‍ ബന്ധപ്പെടുകയും കപ്പല്‍ ഇറാന്‍ കസ്റ്റഡിയില്‍ എടുത്തകാര്യം അറിയിക്കുകയും ചെയ്തിരുന്നു. രാജ്യാന്തര കപ്പല്‍പാത ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് പാപ്പച്ചനെ അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button