
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 17.80 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമ്പത്തിക പരാധീനതകളനുഭവിക്കുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാസം നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനായാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പദ്ധതിയിലൂടെ 1,29,487 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍ അല്ലെങ്കില്‍ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂര്‍വം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. 5 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഒന്നു മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300രൂപ, 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ, ഡിഗ്രി/പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ധനസഹായം നല്‍കുന്നത്.
മതിയായ രേഖകളോടൊപ്പം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ അവരവര്‍ പഠിക്കുന്ന സ്ഥാപന മേധാവികള്‍ക്കാണ് നല്‍കേണ്ടത്. സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി കേരള സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ക്ക് അയക്കേണ്ടതാണ്. 5 വയസിന് താഴെയുള്ള കുട്ടിയാണെങ്കില്‍ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം എക്സിക്യുട്ടീവ് ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കേണ്ടതാണ്. ഇതുകൂടാതെ സ്നേഹപൂര്‍വം പദ്ധതി ഗുണഭോക്താക്കളും 10, 12 ക്ലാസിലെ പൊതു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായമായി സ്നേഹപൂര്‍വം എക്സലന്‍സ് അവാര്‍ഡും നല്‍കുന്നുണ്ട്.
Post Your Comments