ന്യൂദല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന്‍. 1947 ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറേണ്ടതില്ല എന്ന് തീരുമാനിച്ചതിന്റെ രാജ്യത്തെ മുസ്ളിങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്നായിരുന്നു അസം ഖാന്റെ പ്രസ്താവന. രാജ്യത്തെ മുസ്ലീംങ്ങള്‍ക്ക് അന്തസായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും 1947 ന് ശേഷം അവഹേളനപരമായ ജീവിതമാണ് തങ്ങള്‍ നയിക്കുന്നതെന്നും അതേക്കുറിച്ച് തങ്ങള്‍ക്ക് വലിയ നാണക്കേടുണ്ടെന്നും എസ്പി എംപി പറഞ്ഞു.
‘എന്തുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ പാകിസ്ഥാനിലേക്ക് പോകാതിരുന്നത്? അവര്‍ ഇന്ത്യയെ തങ്ങളുടെ രാജ്യമായി കണക്കാക്കി. ഇത് ഞങ്ങളുടെ തെറ്റാണ്. മൗലാന ആസാദ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, ബാപ്പു എന്നിവരും മുസ്ലീങ്ങളോട് പാകിസ്ഥാനിലേക്ക് കുടിയേറരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു,’ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കവെയായിരുന്നു ഖാന്‍ ഇങ്ങനെ മറുപടി നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയെ പരാജയപ്പെടുത്തിയതിന് ശേഷമാണ് യുപിയിലെ ബിജെപി സര്‍ക്കാര്‍ തനിക്കെതിരെ ഭൂമി തര്‍ക്ക കേസുകള്‍ കെട്ടിച്ചമച്ചതെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം ജില്ലയായ രാംപൂരില്‍ ഭൂമി കൈക്കലാക്കിയെന്നാരോപിച്ച് നിരവധി പരാതികള്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഖാന്റെ പേര് ആന്റി ലാന്‍ഡ് മാഫിയ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവാദപരാമര്‍ശങ്ങള്‍ നടത്തി പലപ്പോഴും സ്വയം പ്രതിസന്ധിയിലായ വ്യക്തിയാണ് മുന്‍ മന്ത്രി കൂടിയായ അസംഖാന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജയാ പ്രദ ധരിച്ചിരിക്കുന്നത് കാക്കി അടിവസ്ത്രമാണെന്നന്ന ഖാന്റെ പ്രസ്താവന വന്‍പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.
Post Your Comments