Latest NewsNattuvartha

കാലവർഷം കനക്കുന്നു; ജലജന്യ രോ​ഗങ്ങൾക്കെതിരെ ജാ​ഗ്രതവേണമെന്ന് മുന്നറിയിപ്പുമായി അധികൃതർ

രോഗങ്ങള്‍ പടരാന്‍ സാധ്യത ഉള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസർഗോഡ്: ആരോ​ഗ്യ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കനത്തമഴയില്‍ കുടിവെള്ള സ്രോതസുകളും പരിസരവും മലിനമാകുവാന്‍ സാധ്യത കൂടുതലെന്നും കൂടാതെ മഴക്കാലത്ത് കോളറ, മഞ്ഞപ്പിത്തം, ടൈയ്‌ഫോയിഡ്, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടരാന്‍ സാധ്യത ഉള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൂടാതെ ജനങ്ങൾ കിണര്‍ വെള്ളവും കുഴല്‍കിണര്‍ വെള്ളവും ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുകയും കുടിക്കുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി ഉപയോഗിക്കുക. തണുത്തതോ പഴകിയതുമായ ഭക്ഷണം ഒഴിവാക്കണം. ഭക്ഷ്യവിഷബാധ തടയുന്നതിനായി ഗുണമേന്മ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കണമെന്നും പറഞ്ഞു.

മഴക്കാലത്തുകണ്ടുവരുന്ന പ്രധാനരോഗമാണ് എലിപ്പനി. എലി, അണ്ണാന്‍ തുടങ്ങിയ ജന്തുക്കളുടെ മൂത്രം മൂലം മലിനമായ ജലത്തിലൂടെയാണ് എലിപ്പനി പകരുന്നത്. അതിനാല്‍ മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാത്തരീതിയില്‍ വ്യക്തിസുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും , പാടത്തും പറമ്പിലും മറ്റു വെള്ളക്കെട്ടുകളിലും പണിയെടുക്കുന്നവര്‍ പ്രതിരോധ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണം.

പ്രതിരോധ ശേഷി താരതമ്യേന കുറവായ കുട്ടികളെ മഴക്കാലങ്ങളില്‍ മുറ്റത്തുംപാടത്തും വെള്ളംകെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കളിക്കാന്‍ അനുവദിക്കരുത്. എലിപ്പനിക്കെതിരെയുള്ള പ്രതിരോധഗുളികകള്‍ എല്ലാസര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ഏതെങ്കിലും പനി ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയെ സമീപിക്കുക. സ്വയം ചികിത്സ അരുത്. ചര്‍മ രോഗങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. ചര്‍മം ഇര്‍പ്പരഹിതമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button