KeralaLatest News

ഭൗമ സൂചിക പദവി ലഭിച്ചതിനു പിന്നാലെ മറയൂര്‍ ശര്‍ക്കരയ്ക്കും വ്യാജന്‍; കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്

ഇടുക്കി: ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ മറയൂരില്‍ നിന്ന് 6,500 കിലോ വ്യാജശര്‍ക്കര കര്‍ഷകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ശര്‍ക്കരയാണ് പിടികൂടിയത്. ശര്‍ക്കര കടത്തിയ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ രൂപത്തിലാക്കി സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നതായി ആരോപണമുണ്ട്.

നേരത്തെയും ഇത്തരം വ്യാജശര്‍ക്കര കണ്ടെടുത്തിരുന്നെങ്കിലും നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. ഭൗമസൂചിക പദവി ലഭിച്ചതോടെ ഈ തടസം നീങ്ങിയെന്ന് കൃഷിമന്ത്രി അറിയിച്ചു. മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വ്യാജശര്‍ക്കര വിപണിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഭൗമസൂചിക പദവി വിളംബര ചടങ്ങില്‍ കൃഷിമന്ത്രി അറിയിച്ചിരുന്നു. കര്‍ഷകര്‍ തന്നെ നടത്തിയ പരിശോധനയിലാണ് വ്യജനെ പിടികൂടിയത്.

സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് 130 ചാക്ക് വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെടുത്തത്. തമിഴ്നാട്ടില്‍ നിന്നും ലോറിയിലെത്തിച്ച ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുമായി കലര്‍ത്തുന്നതിനിടെ കരിമ്പ് കര്‍ഷകരെത്തി തടയുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസെത്തി വ്യാജശര്‍ക്കര പിടിച്ചെടുത്തു. ഇത്തരം വ്യാജശര്‍ക്കര ഉല്‍പാദിപ്പിക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button