മലപ്പുറം : കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത് കഴിഞ്ഞദിവസമാണ്. ബസില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം വര്‍ഷം 20 കോടി രൂപ.
കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് 1.5 കോടി രൂപയും, ലോ ഫ്‌ലോര്‍ അടക്കമുള്ള കെയുആര്‍ടിസി ബസുകളില്‍ നിന്ന് 4.5 കോടി രൂപയുമാണ് വരുമാനമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 5 വര്‍ഷത്തേക്ക് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. 3 ഏജന്‍സികളുമായാണ് കെഎസ്ആര്‍ടിസിക്കു കരാറുള്ളത്. കഴിഞ്ഞവര്‍ഷമാണ് പുതിയ കരാറിലേര്‍പ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്ക് ചെറിയ ആശ്വാസമാണ് പരസ്യവരുമാനം. അധിക വരുമാനമുണ്ടാകുന്നത് പൊതുജനസുരക്ഷ അപകടത്തിലാക്കി ആകരുതെന്നാണ് മറ്റൊരുകേസിനിടെ ഹൈക്കോടതി നിരീക്ഷിച്ചത്.
കെഎസ്ആര്‍ടിസിയും കെയുആര്‍ടിസിയും പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കുന്നതു പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ടാകരുത്. സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ജനാലച്ചില്ലുകളില്‍ കാഴ്ച മറയ്ക്കും വിധം ഒട്ടിക്കലുകളോ കര്‍ട്ടനുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ച ബൈക്കിലെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ.എം. സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. യാന്ത്രികമായി സസ്പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിച്ചതിനാല്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടര്‍ വാഹന ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ കോടതി, ഡ്രൈവിങ് ചട്ടങ്ങള്‍ ഉള്‍പ്പെടെ കര്‍ശനമായി നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.
Post Your Comments