Latest NewsKerala

ക്രമക്കേടിന് കൂട്ട് നിന്ന് ക്ഷീര വികസന വകുപ്പ്; കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി നടപടി

പാലക്കാട്: അട്ടപ്പാടി ക്ഷീരസഹകരണ സംഘത്തിലെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ ക്ഷീര വികസന വകുപ്പ്. 2014 ല്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ പ്രത്യേക റിപ്പോര്‍ട്ട് ഇതുവരെ കണ്ടില്ലെന്നാണ് വകുപ്പ് പ്രതികരണം. ആരോപണമുയര്‍ന്നപ്പോള്‍ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഇന്‍പെക്ഷന്‍ വിഭാഗം പരിശോധന നടത്തിയെന്നും അന്നത്തെ സെക്രട്ടറി, ക്ലര്‍ക്ക് എന്നിവരുടെ പേരില്‍ നടപടി തുടങ്ങിയെന്നുമാണ് വിശദീകരണം.

ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണത്തിന് പൊലീസ് മേധാവിക്ക് കൈമാറലാണ് ചട്ടമെന്ന് ഓഡിറ്റര്‍മാര്‍ വ്യക്തമാക്കുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനമുളള ഭരണസമിതിക്ക് വേണ്ടി ചില ഉദ്യോഗസ്ഥര്‍തന്നെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.അട്ടപ്പാടി കോട്ടത്തറയിലെ ആപ്‌കോസ് ക്ഷീരസഹകരണസംഘത്തില്‍ 2009 മുതല്‍ 2013 വരെയുളള കാലഘട്ടത്തില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കാണിച്ച് ക്ഷീര വികസന വകുപ്പിന് പ്രത്യേക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഈ കണ്ടെത്തലുകളെക്കുറിച്ച് അറിയില്ലെന്നാണ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന മറുപടി. ഓഡിറ്ററുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടിയെടുക്കുമെന്നാണ് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ വിശദീകരണം. അതേസമയം 2014ല്‍ എംആര്‍സിഎംപിയുവിലെ എം 13 യൂണിറ്റ് തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന വിശദീകരണമാണ് വിചിത്രം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button