കൊച്ചി: ഗൾഫിലെ 30 വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ വന്ന് നിർമ്മിച്ച കടമുറികൾക്ക് ലൈസൻസ് നൽകുന്നില്ലെന്ന പരാതിയുമായി പ്രവാസി വ്യവസായി രംഗത്ത്. രണ്ടര ലക്ഷം രൂപ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാലാണിത്.
രവീന്ദ്രൻ നായർ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഐയും കോൺഗ്രസും ചേർന്ന് ഭരിക്കുന്ന കല്ലൂർക്കാട് പഞ്ചായത്തിനെതിരെയാണ് ആരോപണം. അനുമതി കിട്ടാൻ ആന്തൂരിൽ സാജൻ ആത്മഹത്യ ചെയ്തത് പോലെ ജീവനൊടുക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറഞ്ഞെന്നും രവീന്ദ്രൻ ആരോപിച്ചു.
ഭാര്യയുടെ പേരിൽ വാങ്ങിയ സ്ഥലത്ത് ആറ് കടമുറികളുള്ള കെട്ടിടം പണിയാൻ കല്ലൂർക്കാട് പഞ്ചായത്തിൽ അപേക്ഷ നൽകി. വില്ലേജ്, കൃഷി ഓഫീസർമാരുടെ റിപ്പോർട്ട് പരിഗണിച്ച് കെട്ടിടം പണിയാൻ പഞ്ചായത്ത് 2015 ൽ തന്നെ പെർമിറ്റ് അനുവദിച്ചു. എന്നാൽ പണി തുടങ്ങിയതിന് പിന്നാലെ രവീന്ദ്രനെ കാണാൻ പഞ്ചായത്ത് ഭരിക്കുന്ന പാർട്ടികളുടെ പ്രാദേശിക നേതാക്കൾ എത്തി.കൈക്കൂലി നൽകില്ലെന്ന് അറിയിച്ചതോടെ തടസ്സങ്ങളായി.
നിലം ഭൂമിയിലാണ് നിർമ്മാണമെന്ന് കാണിച്ച് പഞ്ചായത്തിൽ പരാതിയെത്തി. ഇതോടെ പ്രവാസ കാലത്ത് സമ്പാദിച്ച 25 ലക്ഷവും രണ്ട് ബാങ്കുകളിൽ നിന്നായി വായ്പ എടുത്ത അരക്കോടിയുമടക്കം 75 ലക്ഷം രൂപ മുടക്കിയ കെട്ടിട നിർമാണം പാതി വഴിയിൽ നിലച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും റവന്യൂ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതാണ് കെട്ടിട നമ്പർ നൽകാത്തതിന് കാരണമെന്നും കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിശീകരിച്ചു. എന്നാൽ റവന്യൂ വകുപ്പ് ഇതുവരെ തടസ്സവാദം ഉന്നയിച്ചിട്ടില്ലെന്ന് രവീന്ദ്രൻ നായർ പറയുന്നു.
Post Your Comments