പ്രായമായ അച്ഛനെ നോക്കാന്‍ കടപ്പുറത്ത് ചോളം വില്‍ക്കേണ്ടി വന്ന പെണ്‍കുട്ടി തനിക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. നാട്ടുകാരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അവരെ ആട്ടിയോടിച്ച അനുഭവം പറയുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ പെണ്‍കുട്ടി. പരസ്യമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്തടിച്ച് പ്രതികരിച്ച അനുഭവമാണ് കുറിപ്പില്‍ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
”എന്റെ ചെറുപ്രായത്തില്‍ തന്നെ അമ്മ മരിച്ചുപോയി. ഇപ്പോള്‍ അച്ഛന് വയസ്സായി. അച്ഛനും എനിക്കും ജീവിക്കാന്‍ ഒരു സ്ഥിരവരുമാനം വേണമായിരുന്നു. അങ്ങനെ കടപ്പുറത്ത് ചോളം വില്‍ക്കുന്ന ചെറിയൊരു ബിസിനസ് ആരംഭിച്ചു. അവിടെ എനിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നു. ഒപ്പം ഒരു പെണ്‍കുട്ടിക്ക് ചെറിയൊരു ബിസിനസ് ചെയ്യുക എന്നത് എത്ര കഠിനമാണെന്ന് മനസ്സിലായിത്തുടങ്ങി.
കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിലൂടെ മാത്രമെ അതിജീവിക്കാന്‍ കഴിയൂ എന്ന് ഞാന്‍ പഠിച്ചു. ഒരിക്കല്‍ അയല്‍വാസിയായ ഒരാള്‍ വീടിന് മുന്നിലെത്തി എന്നെ ചീത്തവിളിക്കാന്‍ തുടങ്ങി. ഞാന്‍ ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും അയാള്‍ക്ക് അംഗീകരിക്കാനാകുന്നില്ലായിരുന്നു. ഞാന്‍ രാത്രിയില്‍ എവിടെപ്പോകുന്നുവെന്ന് തനിക്കറിയില്ല എന്നയാള്‍ ഉറക്കെ ആളുകളോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ മോശം കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നയാള്‍ പറഞ്ഞു. ബിസിനസ് നിര്‍ത്തി ഞാന്‍ വീട്ടിലിരിക്കണമെന്ന ഉദ്ദേശമായിരുന്നു അയാള്‍ക്ക്. അതിനയാള്‍ എന്നെ മോശമായി ചിത്രീകരിച്ച് സംസാരിച്ചു. പക്ഷേ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും നോക്കിനില്‍ക്കെ ഞാന്‍ വീടിന് പുറത്തേക്കിറങ്ങിച്ചെന്നു, അയാളുടെ മുഖത്തടിച്ചു. ഇനി എന്നോടോ മറ്റേതെങ്കിലും പെണ്‍കുട്ടിയോടോ മോശമായി പെരുമാറിയാല്‍ ഇതായിരിക്കില്ല അവസ്ഥയെന്ന് പറഞ്ഞു. ഞാനങ്ങനെ പ്രതികരിക്കുമെന്ന് അയാള്‍ കരുതിയില്ല. അതിന് ശേഷം അയാളെ എന്റെ വീടിനടുത്ത് കണ്ടിട്ടേയില്ല.
ഞാനയാളെ അടിച്ച കാര്യം ആ പരിസരത്ത് എല്ലാവരും അറിഞ്ഞുകാണണം. ആ സംഭവത്തിന് ശേഷം ആരും എന്നോട് മോശമായി ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. ഇനിയങ്ങനെ പറയാനോ ഒരു പെരുമാറാനോ വന്നാല്‍ ഞാന്‍ പോരാടാന്‍ തയ്യാറാണ”- കുറിപ്പ് പറയുന്നു. കുറിപ്പ് ശ്രദ്ധേയമായതോടെ ഈ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments