KeralaLatest NewsIndia

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ ഹാൾ വിഷയം തന്നെ ; അവിഹിത വാര്‍ത്തകളെ തള്ളി അന്വേഷണ സംഘം

അന്വേഷണ സംഘത്തിന്‌ ലഭിച്ച മൊഴികള്‍ എന്ന പേരില്‍ പ്രചരിച്ച വാര്‍ത്തകള്‍ സാജന്റെ കുടുംബത്തെ അവഹേളിക്കുന്ന രീതിയിലുള്ളവയായിരുന്നു.

കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനുമതി വൈകിയതിലെ വിഷമമാണു പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്. സാജന്റെ ആത്മഹത്യ കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട്‌ നിര്‍ണായക തെളിവുകള്‍ എന്ന പേരില്‍ പാര്‍ട്ടി പത്രത്തിലും ഇടതു സൈബര്‍ കേന്ദ്രങ്ങളിലും പുറത്തു വന്ന വിവരങ്ങള്‍ തള്ളിയാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. അന്വേഷണ സംഘത്തിന്‌ ലഭിച്ച മൊഴികള്‍ എന്ന പേരില്‍ പ്രചരിച്ച വാര്‍ത്തകള്‍ സാജന്റെ കുടുംബത്തെ അവഹേളിക്കുന്ന രീതിയിലുള്ളവയായിരുന്നു.

ആരെയെങ്കിലും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മറ്റു പല കാരണങ്ങളുമുള്ളതായി അന്വേഷണ സംഘത്തെ ഉദ്ധരിച്ചു സിപിഎം മുഖപത്രത്തില്‍ വന്ന വാര്‍ത്ത ഡിവൈഎസ്പി നിഷേധിച്ചു. ആ വാര്‍ത്തയെക്കുറിച്ച്‌ അറിയില്ല. അത് അന്വേഷണവുമായി ബന്ധമുള്ള വാര്‍ത്തയല്ല. മറ്റാരെങ്കിലും നല്‍കിയതായിരിക്കാമെന്നും ഡിവൈഎസ്പി പറഞ്ഞു. കുടുംബപ്രശ്‌നമാണു സാജന്റെ മരണത്തിനു കാരണമെന്ന തരത്തില്‍ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണു ഡിവൈഎസ്പിയുടെ പ്രതികരണം.

ഇത്തരത്തിലുള്ള പ്രചരണത്തിനെതിരേ സാജന്റെ ഭാര്യ ബീനയും കുടുംബവും പത്രസമ്മേളനം നടത്തുകയും ചെയ്‌തിരുന്നു. സാജന്റെ ആത്മഹത്യക്ക്‌ മുന്നേയുള്ള ആറു മാസത്തിനിടെ കുടുംബസുഹൃത്തുകൂടിയായ ഡ്രൈവര്‍ മന്‍സൂറിന്റ ഫോണില്‍നിന്ന്‌ സാജന്റെ പേരിലുള്ള ഒരു നമ്പറുമായി 2400 കോളുകള്‍ പരസ്‌പരം നടത്തിയിരുന്നു. ഈ സിം ഉപയോഗിച്ചിരുന്നത്‌ സാജന്‍ ആയിരുന്നില്ലെന്നും ഈ കോളുകള്‍ ആണ്‌ മരണകാരണമെന്നും സൂചിപ്പിച്ചായിരുന്നു വാര്‍ത്ത. കോളുകള്‍ പലതും, വാട്‌സ്‌ആപ്പ്‌ വീഡിയോ കാളുകള്‍ ഉള്‍പ്പെടെ നടന്നത്‌ രാത്രി പതിനൊന്നിനും ഒന്നിനും ഇടയിലായിരുന്നുവെന്നടക്കമാണ്‌ പ്രചരണം നടന്നത്‌.

സാജന്റെ പേരിലുള്ള ഈ സിം കാര്‍ഡ്‌ ഉപയോഗിച്ച്‌ മകന്‍ രാത്രി വൈകിയും വീഡിയോ ഗെയിമുകള്‍ കളിക്കാറുണ്ടെന്നും മന്‍സൂര്‍ ഉള്‍പ്പെടുന്ന സംഘവുമായാണ്‌ ഇത്തരത്തില്‍ കളികളിലേര്‍പ്പെടാറുള്ളതെന്നൃുമായിരുന്നു സാജന്റെ ഭാര്യ ബീന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞത്‌. എന്നാല്‍ ബീനയുടെ അവകാശവാദത്തില്‍നിന്നും വ്യത്യസ്‌തമായ മൊഴിയാണ്‌ ഡ്രൈവര്‍ മന്‍സൂര്‍ അവസാന ഘട്ടത്തില്‍ പൊലീസിന്‌ നല്‍കിയിരിക്കുന്നതെന്നാണ്‌ സൈബര്‍ പ്രചരണം നടന്നത്‌.

അന്വേഷണ വിവരങ്ങള്‍ എന്ന പേരില്‍ ഇത്തരം നീക്കമുണ്ടായതില്‍ അന്വേഷണ ഉദ്യോഗസ്‌ഥനായ നര്‍ക്കോട്ടിക്‌ ഡിവൈ.എസ്‌.പി കൃഷ്‌ണദാസ്‌ ഉന്നത ഉദ്യോഗസ്‌ഥരെ അതൃപതി അറിയിച്ചിരുന്നു. തന്റെ സംഘത്തിന്റെ കൈയില്‍ നിന്നല്ല വാര്‍ത്തകള്‍ ചോരുന്നതെന്നും ഇതു പരിശോധിക്കണമെന്നും ഡിവൈ.എസ്‌.പി. കൃഷ്‌ണദാസ്‌ എസ്‌.പിയോട്‌ അഭ്യര്‍ഥിച്ചതായാണ്‌ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button