മാവേലിക്കര : ഇന്‍ഷുറന്‍സ് തട്ടിപ്പു കേസ് പ്രതി എം ജേക്കബ് സ്‌പെഷല്‍ സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ എസ്.സുജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ജീവനക്കാരുടെ വീഴ്ച ഉള്‍പ്പെടെ വിശദമായ അന്വേഷണത്തിന് ഉത്തര മേഖല ജയില്‍ ഡിഐജി സാം തങ്കയ്യനു ചുമതല കൈമാറി.
പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തിയ ദക്ഷിണമേഖല ഡിഐജി എസ്.സന്തോഷിനോട് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ഡിജിപി ഋഷിരാജ് സിങ് നിര്‍ദേശിച്ചു. എസ്.സന്തോഷ് കഴിഞ്ഞ ദിവസം നടത്തിയ തുടരന്വേഷണത്തിനു ശേഷം ആദ്യ അന്വേഷണ റിപ്പോര്‍ട്ടും തുടരന്വേഷണ വിവരങ്ങളും ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനെ ധരിപ്പിച്ചതിനെ തുടര്‍ന്നാണു നടപടികള്‍.
മാര്‍ച്ച് 21ന് തടവുകാരന്‍ കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബ് മരിച്ച സംഭവത്തില്‍ മാര്‍ച്ച് 24 നു പ്രാഥമികാന്വേഷണം നടത്തിയ എസ്.സന്തോഷ് ഏപ്രില്‍ നാലിനു ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു മാസത്തിനുശേഷം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. ജേക്കബിനെ ജയിലില്‍ എത്തിച്ചപ്പോള്‍ ശരീര പരിശോധന നടത്തിയതു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുജിത് ആണ്. തൂവാലയുമായി ജേക്കബ് സെല്ലിനുള്ളിലെത്തിയത് പരിശോധനയിലെ വീഴ്ചയാണ്. വായില്‍ തൂവാല തിരികി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസ് ഭാഷ്യം.
അതേസമയം, സ്‌പെഷല്‍ സബ് ജയിലില്‍ ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ടു മജിസ്‌ട്രേട്ടിനു മൊഴി നല്‍കിയതിനാല്‍ ജയിലില്‍ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്നും കസ്റ്റഡി മരണം ഭയപ്പെടുന്നെന്നും ചൂണ്ടിക്കാട്ടി സഹതടവുകാരനായിരുന്ന ഉണ്ണിക്കൃഷ്ണന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സങ്കട ഹര്‍ജി സമര്‍പ്പിച്ചു.
Post Your Comments