KeralaLatest News

ഇനിയും പരിസ്ഥിതിയെ ചൂഷണം ചെയ്യണോ? ഫ്‌ലെക്‌സ് നിരോധനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുന്നില്ല, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്‌ലെക്‌സ്‌ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫ്‌ലെക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു.

മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണ് ഇനിയും മറുപടി എന്നായിരുന്നു കോടതിയുടെ പ്രതികരണം. നിരോധന ഉത്തരവുണ്ടായിട്ടും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ആളുകള്‍ക്ക് എന്തും ചെയ്യാം എന്ന സ്ഥിതിയാണിപ്പോള്‍. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

അനധികൃത ഫ്‌ലെക്‌സ് സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കാന്‍ സര്‍ക്കാരിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ നടപടി സ്വീകരിക്കണം. ഫ്‌ലെക്‌സ് സ്ഥാപിക്കുന്നവരില്‍ നിന്ന് 5000 രൂപ മുതല്‍ 10000 രൂപ വരെ സര്‍ക്കാരിന് ഫൈന്‍ ഈടാക്കാം.

ഫൈന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടണം. ഫ്‌ലെക്‌സ് സ്ഥാപിച്ച കമ്പനികളുടെ ലൈസന്‍സ് പുതുക്കി നല്‍കരുത്. എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും.

ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തു. വെറുതെ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഇനിയാകില്ല. സര്‍ക്കാരിന് വേണമെങ്കില്‍ ഒരു മിനിറ്റ് കൊണ്ട് ഉത്തരവ് നടപ്പാക്കാന്‍ കഴിയും. എന്തുകൊണ്ട് റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കോടതി ചെയ്യുന്നത് തെറ്റാണ് എന്ന് പറയാന്‍ സാധിക്കുമോ? അങ്ങനെയാണെങ്കില്‍ ഈ കേസില്‍ ഇടപെടാതിരിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button