KeralaLatest NewsArticle

കാലം മറന്ന കര്‍ക്കിടകപ്പെരുമ; വിസ്മൃതിയില്‍ മറയുന്നത് നമ്മുടെ സംസ്‌കൃതിയും പൈതൃകവുമൊക്കെ തന്നെയല്ലേ?

അഞ്ജു പാര്‍വ്വതി പ്രഭീഷ്

മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന കള്ളക്കര്‍ക്കിടകത്തിന് പഴമക്കാരുടെ മനസ്സില്‍ എന്നും ഒരേ ചിത്രമാണ് . അവര്‍ക്ക് പല ഭാവങ്ങളുള്ള ഒരു സുന്ദരി പെണ്ണാണ് കര്‍ക്കിടകം . പെയ്‌തൊഴിയാന്‍ കൊതിക്കുന്ന മാന്മിഴികളുമായി നില്‍ക്കുന്ന ഇവള്‍ ചിലപ്പോള്‍ വല്ലാതെ ആര്‍ദ്രയാകും. ചില നേരങ്ങളില്‍ കലിതുള്ളി ഒരു ഭ്രാന്തിയെ പോലെ അട്ടഹസിക്കും .മറ്റു ചിലപ്പോഴോ ,ഒരു യോഗിനിയെ പോലെ ശാന്തയായി മന്ദസ്മിതം പൊഴിക്കും ..കടക്കണ്ണില്‍ സ്വപ്നങ്ങള്‍ ഒളിപ്പിച്ച ഇവള്‍ക്ക് പ്രണയഭാവവും അന്യമല്ല തന്നെ .കള്ളകര്‍ക്കിടകം ചതിച്ചാലോയെന്ന കാരണവരുടെ ആത്മഗതം കാലത്തിനൊപ്പം ഒലിച്ചുപോയി.കൃഷി എന്നേ മറന്നുപോയ മലയാളിക്കു കര്‍ക്കിടകമാസത്തിലെ പല ആചാരങ്ങളും പാട്ടകൃഷിയെപോലെ അന്യവുമായി.

കര്‍ക്കിടകം എന്നുമൊരു ബിംബമാണ്. ഇല്ലായ്മയുടെയും വറുതിയുടെയും കരഞ്ഞുപെയ്യലിന്റെയും ഒരു ബിംബം.പെരുമഴയില്‍ നനഞ്ഞ് കുളിച്ച് ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്, അല്ലെങ്കില്‍ പറഞ്ഞിരുന്നത്. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരുന്നിരിക്കണം.

കര്‍ക്കിടക മാസത്തിന്റെ പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്ബില്‍ പ്രായഭേദമന്യേ കേരളീയര്‍ രാമായണം വായന തുടങ്ങും. കള്ളകര്‍ക്കിടകത്തിന്റെ കറുത്ത സന്ധ്യകള്‍ ആ നനുത്ത ശീലുകള്‍ കേട്ടുകൊണ്ടായിരിക്കും കണ്ണുകള്‍ ചിമ്മുന്നത്. കര്‍ക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായ ബന്ധം അവിടെ ആരംഭിക്കുകയാണ്. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്.കര്‍ക്കിടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു. കൂടാതെ കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം.

രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് പരിചിതം..കര്‍ക്കിടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി മാസം അവസാനിക്ക്കുമ്പോഴേയ്ക്കും തീര്‍ക്കണമെന്നാണ് വിധി .തറയിലിരുന്നുകൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ ആവണ പലകയിലോ അല്ലെങ്കില്‍ മാന്‍തോലിലോ അതുമല്ലെങ്കില്‍ അശുദ്ധിയില്ലാത്ത പീഠത്തിലോ (അത് നിലവിളക്കിനെക്കാളും പൊക്കത്തിലാകരുത്) വടക്കോട്ട് തിരിഞ്ഞിരുന്നുകൊണ്ടുവേണം രാമായണം പാരായണം ചെയ്യാന്‍. ഏറ്റവും പ്രധാനമായ രാമായണ ഭാഗം സുന്ദരകാണ്ഡമാണ്. ശ്രീരാമഭക്തനും ദൂതനുമായ ഹനുമാന്‍ ലങ്കയിലെത്തി സീതയെ കാണുന്നതും രാമനാമാങ്കിതമായ അംഗുലീയം സീതയ്ക്ക് നല്‍കുന്നതും പകരം രാമന് നല്‍കാന്‍ സീത ചൂഢാരത്‌നം നല്‍കുന്നതും തുടര്‍ന്നുള്ള ലങ്കാദഹനവും മറ്റുമാണ് സുന്ദരകാണ്ഡത്തിലെ പ്രതിപാദ്യം. സങ്കടമോചനം, വിഘ്‌ന നിവാരണം, ഐശ്വര്യം തുടങ്ങിയവയൊക്കെ പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ് സുന്ദരകാണ്ഡപാരായണം.

കര്‍ക്കിടകമാസത്തില്‍ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദര്‍ശനം നടത്തുമായിരുന്ന ആടിവേടന്‍ തെയ്യം ഒരു ജനതയുടെ വിശ്വാസദീപ്തിയുടെ പ്രതീകമായിരുന്നു.കര്‍ക്കിടകം ഏഴു മുതല്‍ മലയന്റെ വേടനും 16 മുതല്‍ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദര്‍ശനം നടത്തുന്നു. ഓരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടന്‍ കെട്ടാന്‍ അനുവാദം.ഒരാള്‍ വേടന്റെ പുരാവൃത്തം പാടുമ്പോള്‍ വേടന്‍ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടും നൃത്തം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയില്‍ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാല്‍ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാര്‍ വരുന്നതിനു മുന്‍പേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോള്‍ മലയന്റെ വേടനാണെങ്കില്‍ കിണ്ണത്തില്‍ കരിക്കട്ട കലക്കിയ കറുത്ത ഗുരുസി തെക്കോട്ടും വണ്ണാന്റെ വേടനാണെങ്കില്‍ മഞ്ഞളും നൂറും കലക്കിയ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ് സങ്കല്പം.

കര്‍ക്കിടകമാസത്തെ ആദ്യത്തെ ചൊവ്വാഴ്ച പത്തിലവയ്ക്കല്‍ എന്നൊരു ആചാരം നമ്മുടെ നാട്ടിലുണ്ട്. അതില്‍ ചീരയുമുണ്ട്. താളി, തകര, കുമ്ബളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചേനയില, ചേമ്ബില, നെയ്യുണ്ണി എന്നിവയാണ് ബാക്കി ഒന്‍പത് ഇലകള്‍ ..ചൊവ്വ,വെള്ളി മുതലായ കൊടിയാഴ്ച ദിവസങ്ങളില്‍ സ്ഥിരമായിട്ട് പത്തിലകള്‍ കൊണ്ടുള്ള ഉപ്പേരിയും കൂട്ടാനും ഉണ്ടാക്കണം . വര്‍ഷത്തില്‍ 104 കൊടിയാഴ്ച ദിവസങ്ങള്‍ വരുന്നു . ആവശ്യമായ പോഷകാംശങ്ങള്‍ കിട്ടുവാന്‍ ഈ ഭക്ഷണ രീതി നല്ലതുപോലെ ഉപകരിക്കും . വിറ്റാമിന്‍ കുറവുകള്‍ കൊണ്ടുള്ള രോഗങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.

മറ്റൊരു ആചാരമാണ് കനകപ്പൊടിസേവാ . തവിടുകൊണ്ട് ചുട്ടെടുക്കുന്ന അപ്പം കഴിക്കുന്നതാകുന്നു കനകപ്പൊടി സേവാ . മുപ്പെട്ടു വെള്ളിയാഴ്ച ഇത് സേവിക്കണം .അപ്പോള്‍ ഒരു വര്‍ഷത്തിനു ആവശ്യമായി വരുന്ന വിറ്റാമിന്‍ ബി ശരീരത്തിന് ലഭിക്കും . കാലത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്ബ് കഴിക്കണം. ഉരുക്കിയ ശര്‍ക്കരയില്‍ ഉണക്കത്തവിട് ചേര്‍ത്തു കുഴക്കണം. ശേഷം കനമുള്ളതാക്കി പരത്തി കനലില്‍ ചുട്ടെടുക്കുക .ഒരു ചെറിയ കഷണം കഴിച്ചാല്‍ മതി.

കര്‍ക്കിടകമാസത്തില്‍ സ്ത്രീകള്‍ ദശപുഷ്പം ചൂടി കര്‍ക്കിടകക്കുളി എന്നൊരു ചടങ്ങും ചെയ്യുക പതിവായിരുന്നു. സ്ത്രീകള്‍ മുക്കൂട്ടു തൈലം ശരീരത്തു തേച്ചുതിരുമ്മി അതിനു മീതെ കുറച്ചു പച്ചമഞ്ഞളും തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം ചൂടുവെള്ളത്തില്‍ കുളിക്കും.മുക്കുറ്റിചാറു കൊണ്ടു ചാന്തുതൊടുകയും ചെയ്തിരുന്നു..

പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കര്‍ക്കിടക മാസത്തിലാണ്. കൂടാതെ പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവും വരുന്നതിനാല്‍ ഭക്തിയുടെയും പിതൃക്കള്‍ക്ക് ബലി നല്‍കി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാര്‍ത്ഥ്യവും അനുഭവിക്കുന്നു. പിതൃകര്‍മ്മത്തിന് ഒരു ലക്ഷ്യമുണ്ട്. അത് മനസ്സിലാക്കിയാണ് ആചാര്യന്‍മാര്‍ നമ്മെ ഉപദേശിക്കുന്നത്. നമുക്ക് ജന്‍മം തന്ന നമ്മുടെ ശരീരത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പുറകോട്ടുള്ള തലമുറകളേയും സ്മരിക്കുക. അവരോട് ഈ മനുഷ്യ രൂപത്തില്‍ ജന്‍മം തന്നതിന് നന്ദി പറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാര്യങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്ക്ക് കാണിച്ചുകൊടുത്ത് ‘മാതാപിതാക്കള്‍ അവരുടെ അച്ഛനമ്മമാരോട് എത്രത്തോളം സനേഹബഹുമാനാദി ബന്ധങ്ങള്‍ ഉള്ളവരായിരുന്നു’ എന്നറിയിക്കുക. ഇവിടെ നാം നല്‍കുന്നത് പിതൃക്കള്‍ സ്വീകരിക്കുന്നതിലല്ല, അവര്‍ സ്വീകരിച്ച് അനുഗ്രഹിക്കണമേയെന്നു പ്രാര്‍ത്ഥിക്കുന്നതിലാണ് പിതൃകര്‍മ്മം. അവരുടെ മക്കള്‍ ധര്‍മ്മം, സത്യം, നീതി, ന്യായം ഈ വഴിയിലൂടെ ചരിക്കുന്നൂയെന്നു അവരെ അറിയിക്കുന്നത് കൂടി ഇതിന്റെ സന്ദേശമാണ്. നമ്മുടെ മാതാപിതാക്കള്‍ക്ക് കൊടുത്തതേ നമ്മുടെ മക്കളില്‍ നിന്നും പ്രതീക്ഷിക്കാനാകൂ. ജീവിച്ചിരിക്കുമ്‌ബോഴും മരിച്ചതിനുശേഷവും. ഇതാണ് പിതൃകര്‍മ്മസന്ദേശം.

കര്‍ക്കിടകമാസം മറ്റ് 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ കടാക്ഷം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കര്‍ക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കര്‍ക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ – മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്റെ ഭാഗം.

ഇന്നിപ്പോള്‍ കര്‍ക്കിടകത്തിന്റെ കരഞ്ഞുപെയ്യലും വറുതികളുമൊന്നുമില്ല നമുക്ക്. അതുകൊണ്ടുതന്നെ അങ്ങനെയൊരു മുന്‍കരുതലും ആവശ്യമില്ല. എങ്കിലും നമുക്ക് ഇല്ലാതെപോയതും നമ്മുടെ പൂര്‍വികര്‍ക്ക് ഉണ്ടായിരുന്നതുമായ ആരോഗ്യപരമായ ഉണര്‍വിന്റെയും പ്രകൃത്യാനുസൃതമായ ജീവിതത്തിന്റെയും അടിസ്ഥാനത്തെക്കുറിച്ച് അറിയാന്‍ നമ്മള്‍ വൈകിപ്പോയിരിക്കുന്നു. കര്‍ക്കിടകവും അതിന്റെ അര്‍ത്ഥവും ആഴവും ചിങ്ങക്കൊയ്ത്തിനുമുമ്പുള്ള ആ ചെറിയ വറുതിയുടെ ആവശ്യകതയും അത് നല്‍കുന്ന സന്ദേശവും വയലിനും കൊയ്ത്തിനുമൊപ്പം നമുക്ക് നഷ്ടമായപ്പോള്‍ യഥാര്‍ത്ഥത്തില്‍ നഷ്ടമായത് നമ്മുടെ സംസ്‌കൃതിയും പൈതൃകവും കൂടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button