തിരുവനന്തപുരം : എസ്എഫ്ഐക്കാരുടെ കത്തിക്കുത്തില്‍ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രന്റെ ഹൃദയത്തിനും പരുക്ക്. വാര്‍ഡിലേക്കു മാറ്റിയാല്‍ അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നേരത്തേ ഇസിജിയില്‍ വ്യതിയാനം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നില തൃപ്തികരമാണ്. വിദഗ്ധ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാര്‍ഡിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് പറഞ്ഞു.
കുത്തിയത് ഒന്നാം പ്രതിയും കോളജിലെ പിരിച്ചുവിട്ട എസ്എഫ്ഐ യൂണിറ്റിന്റെ പ്രസിഡന്റുമായ ആര്. ശിവരഞ്ജിത് ആണെന്നതിന് ഇയാളുടെ കയ്യിലെ മുറിവും തെളിവായെടുത്തിരിക്കുകയാണ്. അഖിലിനെ ആക്രമിച്ചതായി എ.എന്‍. നസീം ഉള്‍പ്പെടെ മറ്റു പ്രതികള്‍ സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സംഘര്‍ഷത്തിനു ശേഷം ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കൈകളില്‍ രക്തക്കറ കണ്ടതായി ആദില്‍, ആരോമല്‍ എന്നീ പ്രതികള്‍ മൊഴി നല്കി. നസീം പിടിച്ചുനിര്‍ത്തിയെന്നും ശിവരഞ്ജിത് കുത്തിയെന്നും അഖില്‍ ഡോക്ടര്‍മാര്‍ക്കു നല്കിയ മൊഴി സ്ഥിരീകരിക്കുന്ന തെളിവുകളാണു ലഭിച്ചിരിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കോളജില്‍ ഇന്നും നാളെയും കൂടി ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments