കൊച്ചി: ഉത്തരക്കടലാസിന് പകരം കലോത്സവ രജിസ്ട്രേഷന്‍ ഫോമിന്റെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി മാതൃഭൂമി. വ്യാജവാര്‍ത്തയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വിശദീകരിക്കുന്ന മാതൃഭൂമി ചിത്രം മാറിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അറിയിച്ചു. മാതൃഭൂമി ഫെയിസ്ബുക്ക് പേജിലും ചാനലിലും വെബ്പേജിലും അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും യഥാര്‍ത്ഥ രേഖ കൈവശമുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഉത്തരമില്ലാതെ ക്രമക്കേട് എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയിലായിരുന്നു പിഴവുണ്ടായത്. വെബ് പേജില്‍ ഈ വാര്‍ത്തക്കൊപ്പം എന്തായാലും ഖേദപ്രകടനം നല്‍കിയിട്ടില്ല. വാര്‍ത്തയില്‍ യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത യൂണിവേഴ്സിറ്റി ഉത്തരക്കടലാസെന്ന പേരില്‍ കലോത്സവ രജിസ്ട്രേഷന്‍ ഫോമിന്റെ ചിത്രമായിരുന്നു പത്രം നല്‍കിയിരുന്നത്.
പ്രസിദ്ധീകരിച്ച ചിത്രം തെറ്റിയതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. വെബ്പേജിലെ ചിത്രം മാറ്റി നല്‍കിയെങ്കിലും മാതൃഭൂമി നടത്തുന്നത് വ്യാജപ്രചാരണമാണെന്ന വിധത്തിലേക്ക് പ്രചാരണങ്ങള്‍ മാറിയതോടെയാണ് വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.
Post Your Comments