ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ക്കടകമാസത്തിനു ചില പ്രത്യേകതകളൊക്കെയുണ്ട്. ഋതുക്കളിലെ വ്യത്യാസം പ്രകൃതിയില്‍വരുത്തുന്ന മാറ്റംപോലെതന്നെ മനുഷ്യനിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗ്രീഷ്മവര്‍ഷഋതുക്കളില്‍ ശരീരബലം കുറഞ്ഞ് വേഗം രോഗം ബാധിക്കുന്നു. വര്‍ഷകാലത്തു രോഗം പെട്ടെന്നു പകരാന്‍ ഇതാണു കാരണം.
കര്‍ക്കടകത്തില്‍ സുഖചികിത്സയ്ക്ക് പ്രാധാന്യം ഉണ്ടാകുവാന്‍ കാരണവും ഇതാണ്. കര്‍ക്കടകമാസത്തില്‍ ആഹാരരീതികള്‍ക്കും ചില പ്രത്യേകതകളുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുന്നവിധം അവ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തു പൊതുവെ ദഹനം കുറവാകും. വിശപ്പ് കൂടുകയും ചെയ്യും. അതിനായി ആഹാരം കുറയ്ക്കുന്നത് ഉത്തമമാര്‍ഗമാണ്.
രോഗകാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങള്‍ക്കു വര്‍ധന ഉണ്ടാകുന്ന സമയമാണു കര്‍ക്കടകം. അതിശക്തമായ മഴക്കാലമായതിനാല്‍, കാര്‍ഷിക വൃത്തികളില്‍ വ്യാപൃതരായിരുന്ന കേരളീയര്‍ക്ക് ആയുര്‍വേദ ചികിത്സയ്ക്കും പഥ്യത്തിനും കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിക്കുന്നതും കര്‍ക്കടകമാസത്തിലെ ആയുര്‍വേദ ചികിത്സയ്ക്കു പ്രാധാന്യം കൂട്ടി.
കര്‍ക്കടക മാസത്തില്‍ ചെയ്യുന്ന പഞ്ചകര്‍മചികിത്സയാണു കര്‍ക്കടക ചികിത്സ. കൃത്യമായ മാര്‍ഗങ്ങളിലൂടെ ശരീരത്തില്‍ വര്‍ധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തേക്കു തള്ളി ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ജൂലൈ മധ്യത്തില്‍ തുടങ്ങി ഓഗസ്റ്റ് പകുതി വരെയാണു കര്‍ക്കടക ചികിത്സാകാലം. യൗവനാവസ്ഥയില്‍ തുടങ്ങി വാര്‍ധക്യം വരെയുള്ള ഏതൊരു പ്രായക്കാര്‍ക്കും കര്‍ക്കടക ചികിത്സ ചെയ്യാം. കഷായചികിത്സ, പിഴിച്ചില്‍, ഉഴിച്ചില്‍, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമിക്കുന്നതും നല്ല ഇരിപ്പുമാണു പ്രധാന ചികിത്സാഘട്ടങ്ങള്‍.
Post Your Comments