തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള വന്ധ്യതയ്ക്കുള്ള ഹോമിയോപ്പതി ചികിത്സയായ ജനനി പദ്ധതിക്ക് ദേശീയ പ്രശംസ. പാര്‍ലമെന്റിലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ ആയുഷ് ചികിത്സയുമായി ബന്ധപ്പെട്ട് ജനനി പദ്ധതി മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനനി പദ്ധതിയുടെ വന്‍വിജയം മാതൃകയാണെന്നാണ് കേന്ദ്ര ആയുഷ് വകുപ്പ് അറിയിച്ചിരിക്കുന്നത്. വന്ധ്യതാ ചികിത്സാ രംഗത്ത് ഹോമിയോപ്പതി വകുപ്പ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
പല ചികിത്സകളും ചെയ്ത് നിരാശരായ ദമ്പതികള്‍ക്ക് ആശ്വാസമായാണ് ചെലവ് കുറഞ്ഞതും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഹോമിയോപ്പതിയുടെ ജനനി പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ആദ്യകാലത്ത് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലാരംഭിച്ച വന്ധ്യത ചികിത്സാ ഒ.പി. വിപുലീകരിച്ച് 2017ല്‍ ജനനി സെന്ററാക്കി മാറ്റി. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ജനനി പദ്ധതി സംസ്ഥാന വ്യാപകമാക്കി നടപ്പാക്കിയത്. ഇന്ന് എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ജനനി പദ്ധതി ലഭ്യമാണ്.
ജനനി പദ്ധതി സ്ഥാപിച്ച് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ 18,000 ലധികം പേരാണ് ചികിത്സ തേടിയെത്തിയത്. ഈ പദ്ധതിയിലൂടെ ഇതുവരെ 978 അമ്മമാര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീ വന്ധ്യതയ്ക്കും പുരുഷ വന്ധ്യതയ്ക്കും ഒരുപോലെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ കൗമാര കാലത്തെ ആര്‍ത്തവ പ്രശ്‌നങ്ങള്‍, മറ്റ് ഗൈനക്കോളജി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ചികിത്സ നല്‍കുന്നു.
ചികിത്സാ ചിലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ദമ്പതികള്‍ക്ക് ഹോമിയോപ്പതി ചികിത്സയിലൂടെ സാമ്പത്തിക ചെലവില്ലാതെ കുഞ്ഞുങ്ങളുണ്ടായി സായൂജ്യരായത് ഈ പദ്ധതിയുടെ വന്‍ നേട്ടമാണ്. ഹോമിയോപ്പതി വകുപ്പിലെ വനിതാ ആരോഗ്യ പദ്ധതിയായ സീതാലയം പദ്ധതിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനനി പദ്ധതിയുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആഴ്ചയിലെ നിശ്ചിത ദിവസങ്ങളില്‍ ജനനി പ്രവര്‍ത്തിച്ചു വരുന്നു. നാഷണല്‍ ആയുഷ് മിഷന്റെ സഹായവും ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
തനതായ ഹോമിയോ ചികിത്സയോടൊപ്പം ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനംകൂടി ഈ സെന്ററുകളില്‍ ലഭ്യമാണ്. എല്ലാ ജില്ലകളിലും ഈ പദ്ധതിക്ക് വന്ധ്യതാ നിവാരണ ചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഒരു ഹോമിയോ ഡോക്ടര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പദ്ധതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കുന്നതിനുമായി ഒരു സ്‌റ്റേറ്റ് കണ്‍വീനറുമുണ്ട്. 2019-20 ലെ വാര്‍ഷിക പദ്ധതിയില്‍ ജനനി പദ്ധതിയുടെ നടത്തിപ്പിനായി ബഡ്ജറ്റില്‍ 125 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജനനി പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജനനി കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
Post Your Comments