Latest NewsSports

നെയ്മറിന്റെ ട്രാന്‍സ്ഫര്‍ അനിശ്ചിതത്വത്തില്‍; പകരം മൂന്ന് കളിക്കാരെ വിട്ടുനല്‍കാമെന്ന് പി.എസ്.ജിക്ക് ഓഫറുമായി ബാഴ്സ

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടുത്ത സീസണില്‍ ഏത് ക്ലബ്ബില്‍ കളിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ബാഴ്സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയില്‍ നിന്നു വിട്ടുനിന്ന താരം ഇന്നലെ പാരിസില്‍ മടങ്ങിയെത്തി പരിശീലനം നടത്തി. താന്‍ ക്ലബ്ബ് വിടുകയാണെന്ന് പി.എസ്.ജി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയനര്‍ഡോയെ നെയ്മര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, തങ്ങളുടെ മുന്‍ 11-ാം നമ്പര്‍ താരത്തെ തിരികെ കൊണ്ടുവരാന്‍ ബാഴ്സ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍, ഇതിനായി ബാഴ്സ ഇതുവരെ ഔദ്യോഗികമായി പി.എസ്.ജിയെ സമീപിച്ചിട്ടില്ല. 2017ല്‍ റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്ക് ബാഴ്സയില്‍ നിന്ന് പാരീസിലേക്ക് കൂടുമാറിയ നെയ്മര്‍, തന്റെ മുന്‍ ക്ലബ്ബിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ പി.എസ്.ജിയുടെ പ്രീസീസണ്‍ ട്രെയിനിംഗില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം, തങ്ങളുദ്ദേശിക്കുന്ന വില ലഭിക്കാതെ നെയ്മറിനെ കൈമാറേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.ജി. ‘ശരിയായ’ തുകയുമായി ആര് വന്നാലും നെയ്മറിനെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കേവലം കുശലാന്വേഷണങ്ങളല്ലാതെ ബാഴ്സ കാര്യമായ ചര്‍ച്ചകള്‍ക്ക് വന്നിട്ടില്ലെന്നും ലിയനര്‍ഡോ വ്യക്തമാക്കിയിരുന്നു. നെയ്മറിനു പകരം മൂന്ന് കളിക്കാരെ വിട്ടുനല്‍കാമെന്ന ബാഴ്സയുടെ ഓഫര്‍ പി.എസ്.ജിക്ക് സ്വീകാര്യമല്ലെന്നാണ് സൂചന. പണം ഉള്‍പ്പെടുന്ന ഇടപാടിലേ താല്‍പര്യമുള്ളൂവെന്ന നിലപാടിലാണ് അവര്‍. നെയ്മറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബാഴ്സലോണ പ്രസിഡണ്ട് ജോസപ് മരിയ ബര്‍തമ്യൂ പി.എസ്.ജി പ്രസിഡണ്ട് നാസര്‍ അല്‍ ഖലൈഫിയുമായി കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button