തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍, മുഖ്യപ്രതികളായ എസ്.എഫ്.ഐ. നേതാക്കളെ കാമ്പസില്‍നിന്നു കടത്തിയതു ഡി.വൈ.എഫ്.ഐ. സംസ്‌ഥാനനേതാവെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് ഇങ്ങനെ, മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയശേഷം മണിക്കൂറുകളോളം കാമ്പസിലുണ്ടായിരുന്ന പ്രതികളെ ഡി.വൈ.എഫ്.ഐ. നേതാവെത്തി കാറില്‍ പാളയത്തെ കോളജ് ഹോസ്‌റ്റലിലും അവിടെനിന്നു പി.എം.ജിയിലെ പാര്‍ട്ടി സ്‌റ്റുഡന്റ്‌സ് സെന്ററിലും എത്തിച്ചു.
പിന്നീട് അവിടെനിന്നും മാറ്റി. നഗരത്തിലെ ഒരു രഹസ്യകേന്ദ്രത്തില്‍ ഇന്നലെ രാത്രിവരെ പ്രതികള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രതികളെ കടത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് കോളജിലെ പല പ്രവര്‍ത്തനങ്ങളിലും ഇടപെട്ടിരുന്നു. കോളജില്‍ സംഘര്‍ഷമുണ്ടായ ഉടന്‍ നസീമിന്റെ ഫോണില്‍നിന്ന് ഈ നേതാവിനെ വിളിച്ചതായും സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണു നേതാവ് കാറില്‍ കാമ്ബസിലെത്തിയത്. ഇടതുനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്റെ നിര്‍ദേശപ്രകാരമായിരുന്നു നീക്കങ്ങള്‍. പാര്‍ട്ടി സ്‌റ്റുഡന്റ്‌സ് സെന്ററില്‍ പോലീസ് തെരച്ചില്‍ നടത്തില്ലെന്നായിരുന്നു പോലീസ് ഉന്നതന്റെ ഉറപ്പ്.
പ്രതികള്‍ പാളയത്തുണ്ടെന്ന് അറിഞ്ഞിട്ടും പോലീസ് അവിട എത്താതിരുന്നത് ഈ ഉദ്യോഗസ്‌ഥന്റെ ഇടപെടലിനേത്തുടര്‍ന്നാണ്. ശിവരഞ്‌ജിത്തിന്റെയും നസീമിന്റെയും ഫോണുകള്‍ നിലവില്‍ സ്വച്ച്‌ഓഫാണ്. എന്നാല്‍, പോലീസിന്റെ ഓരോ നീക്കവും ഉന്നത ഉദ്യോഗസ്‌ഥന്‍ മുഖേന ഇവര്‍ അറിയുന്നുണ്ട്. പ്രതികളെ പിടികൂടാന്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഉന്നതര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ ഇന്നലെ രാത്രി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments