KeralaLatest NewsIndia

കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണുള്ളത്.

തിരുവനന്തപുരം:ജൂണ്‍ എട്ടു മുതല്‍ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ നിന്നും കാണാതായ എം.ടെക് വിദ്യാര്‍ത്ഥി ശ്യാം പത്മനാഭന്റെ മൃതദേഹം കണ്ടെത്തി. കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സര്‍വകലാശാലയിലെ ജീവനക്കാര്‍ കാട്ടിനുള്ളില്‍ പെട്രോളിങ്ങിന് പോയപ്പോഴാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചു. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണുള്ളത്.

മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും കിട്ടി. ഇതില്‍നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എം.ടെക്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്.

ശ്യാം കാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.കോഴിക്കോട് വടകര സ്വദേശിയായ ശ്യാം രണ്ടു വര്‍ഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്‌ട് വാലി ഫ്ലാറ്റില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയില്‍ പോകുന്നു എന്നു പറഞ്ഞാണ് ശ്യാം ഫ്ളാറ്റില്‍ നിന്നും ഇറങ്ങിയത്.

രാത്രി ഏറെ വൈകിയും ശ്യാം വീട്ടില്‍ എത്തുകയോ ഫോണില്‍ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ബന്ധുക്കള്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഡോഗ് സ്‌ക്വാഡ് തിരച്ചില്‍ ആരംഭിച്ചുവെങ്കിലും മണം പിടിച്ചെത്തിയ നായ്ക്കള്‍ ക്യാമ്പസിനുള്ളിലെ ഹൈമവതി കുളത്തിനരികില്‍ വന്ന് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ശ്യാം കുളത്തിലേക്ക് ഇറങ്ങിയതിന്റെ സൂചനകള്‍ ഉണ്ടായിരുന്നില്ല. കുളത്തിനു ചുറ്റുമുള്ള കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് തിരച്ചില്‍ നടത്തിയതിന് ഒരു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍നിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button