തിരുവനന്തപുരം: നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേതൃപരമായ പങ്ക് സർക്കാർ വഹിക്കുമ്പോൾ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട ‘റീബിൽഡ് കേരള’ കർമ പദ്ധതികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവായ വികസനമാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതു വീക്ഷണം ഉയർന്നുവരുന്നത് സ്വീകരിക്കുകയാണ് ലക്ഷ്യം. പ്രളയദുരന്തമുണ്ടായി ഒരു വർഷമാകുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകിവരികയാണ്. വീടുകളുടെ പുനർനിർമാണവും പുരോഗമിക്കുകയാണ്.
അപകടസാധ്യത കാരണം വീടുനിർമിക്കാൻ പറ്റാത്ത സ്വന്തം സ്ഥലത്ത് നിന്ന് മാറിത്താമസിക്കാൻ ചിലർ വിമുഖത കാട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ മാധ്യമങ്ങളും പങ്ക് വഹിക്കണം. സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലുള്ളവരെ അവരുടെ ജീവനോപാധിയെ ബാധിക്കാത്തവിധം മാറ്റിപ്പാർപ്പിക്കൽ ലക്ഷ്യമാണ്. പ്രളയാനന്തര സഹായവുമായി ബന്ധപ്പെട്ട് 2019 ജനുവരി 31 വരെ 1,35,000 അപ്പീൽ ലഭിച്ചിരുന്നു. പിന്നീട് ഫ്രെബ്രുവരി, മാർച്ച് മാസങ്ങളിൽ 15,000 അപ്പീലുകളും കിട്ടി. ഇവ തീർപ്പാക്കുന്ന അവസ്ഥയുണ്ടായി. പിന്നീട് കാലാവധി നീട്ടിയപ്പോഴാണ് വൻതോതിൽ രണ്ടരലക്ഷത്തോളം അപ്പീലുകൾ വന്നത്. ഇതിൽ അർഹതയുള്ള ആൾക്കാർ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് സഹായം ലഭിക്കുംവിധം സംരക്ഷിക്കും.
പ്രളയംമൂലമുണ്ടായ ദുരന്തത്തിൽ നിന്ന് കരകയറാൻ വളരെ ശാസ്ത്രീയമായ സമീപനമാണ് കൈക്കൊണ്ടത്. ഇതിനായി ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണം തേടിയിട്ടുണ്ട്. പുനരധിവാസം സമയബന്ധിതമായി തീർക്കുകയാണ് ഉദ്ദേശ്യം. ലോക ബാങ്കിന്റേതുൾപ്പെടെയുള്ള ടീമുമായി വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ‘റീബിൽഡ് കേരള ഡെവലപ്‌മെൻറ് പ്രോഗ്രാം’ രേഖ തയാറാക്കിയത്. ഇത് സർക്കാർ ഉന്നതാധികാര സമിതിയും ഉപദേശക സമിതിയും പരിശോധിച്ചു. അവരുടെ ശുപാർശകൾ കൂടി സമർപ്പിച്ചിരുന്നു. അതുകൂടി പരിശോധിച്ചാണ് രേഖയ്ക്ക് അംഗീകാരം നൽകിയത്. ഈ രേഖ അന്തിമമല്ല. വിലപ്പെട്ട നിർദേശങ്ങൾ കൂടി ചേർക്കണം. കേരള പുനർനിർമാണ പദ്ധതി രേഖയിൽ പ്രത്യേക ശ്രദ്ധവേണ്ട മേഖലകളിൽ ഊന്നൽ നൽകിയിട്ടുണ്ട്. റൂം ഫോർ റിവർ, സംയോജിത നദീതട അതോറിറ്റി തുടങ്ങിയവ ഉൾപ്പെടെ ഇതിലുണ്ട്. ലോകത്ത് തന്നെ വിജയകരമായ മാതൃകകൾ പരിശോധിക്കാനും സ്വീകരിക്കാൻ കഴിയുന്ന സ്വീകരിക്കാനും ശ്രമമുണ്ടാകും. മറ്റു രാജ്യങ്ങൾ സ്വീകരിച്ച പുതിയ മാതൃകകളും പരിശോധിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. ഭൂവിനിയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ വിശദമായി വിലയിരുത്തും. പുനർ നിർമാണപ്രവർത്തനങ്ങളുടെ നടത്തിപ്പ് വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം. ഇതിനായി പുതിയ കഴിവുകളിലേക്ക് സർക്കാർ വകുപ്പുകളേയും ഏജൻസികളേയും ഉയർത്താനാകണം. ഇവയെ ഇതിനായി ശാക്തീകരിച്ച് തികച്ച പ്രൊഫഷണൽ സമീപനത്തിലേക്ക് മാറാനാണ് ശ്രമം.
വികസന വിഷയങ്ങളിൽ സമവായമാണ് ആവശ്യം. കേരളത്തിന്റെ പൊതുവായ നൻമയ്ക്കും വികസന കാര്യങ്ങൾക്കും ഒന്നിച്ചുനിൽക്കാനും സമവായത്തോടെ മുന്നോട്ടുപോകാനും കഴിയണം. ഇക്കാര്യങ്ങളിൽ മാധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനർനിർമാണത്തിന് ‘റീബിൽഡ് കേരള’ കർമപദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ ഡോ. വി. വേണു യോഗത്തിൽ വിശദീകരിച്ചു. കേരളത്തിൽ ദുരന്ത സാധ്യതകൾ, നിർമാണസാങ്കേതിക വിദ്യകൾ, പരിസ്ഥിതി, കാലാവസ്ഥ മാറ്റങ്ങൾ വിലയിരുത്തിയുള്ള പ്രവർത്തനങ്ങൾ, ഭൂവിനിയോഗത്തിലെ പുതിയ നയരൂപീകരണം തുടങ്ങിയവ പരിഗണിച്ചായിരിക്കും പുനർനിർമാണം. ഗ്രാമീണ മേഖലയിലെ റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കൽ, ഉപജീവന പാക്കേജ്, ജലസേചന പദ്ധതികൾ എന്നിവയ്ക്കായിരിക്കും ആദ്യഘട്ടം ലഭിക്കുന്ന വായ്പയിൽ നിന്നുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments