പട്‌ന: തുടര്‍ച്ചയായ മൂന്നാം ദിവസവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു. മഴ ശക്തമായതോടെ അസമില്‍ ശനിയാഴ്ച ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അസമിലെ 25 ജില്ലകളില്‍നിന്നുള്ള 15 ലക്ഷമാളുകളെ മഴ ബാധിച്ചതായാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബിഹാറിലും മഴയെത്തുടര്‍ന്നു വലിയ നാശനഷ്ടങ്ങളുണ്ടായി. ശിവ്ഹര്‍, സീതാമഢി, നോര്‍ത്ത് ചമ്പാരന്‍, ജയ്നഗര്‍, അരരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് ഏറ്റവുമധികം നാശമുണ്ടായത്.
ദേശീയ ദുരന്തപ്രതികരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. താഴ്ന്നപ്രദേശങ്ങളില്‍നിന്ന് ആളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു മാറ്റി. 68 ദുരിതാശ്വാസകേന്ദ്രങ്ങളിലായി 20,000 പേരെയാണു മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ബാര്‍പേട ജില്ലയെയാണ് കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇവിടെമാത്രം അഞ്ചുലക്ഷമാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കുമാറ്റി. മോറന്‍ ജില്ലയിലെ 52 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. ബ്രഹ്മപുത്ര ഉള്‍പ്പെടെ സംസ്ഥാനത്തുകൂടി ഒഴുകുന്ന പത്തുനദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തിലാണ്. അസമിലും തൊട്ടടുത്ത സംസ്ഥാനമായ മേഘാലയയിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. ത്രിപുരയിലും കനത്തമഴ പെയ്യുന്നുണ്ട്.
Post Your Comments