കോട്ടയം മെഡിക്കൽ കോളേജിലെ മൃതദേഹം, പൊന്നമ്മയുടെ മരണം തലയ്‌ക്കടിയേറ്റ്‌; ഒരാള്‍ കസ്‌റ്റഡിയില്‍

പൊന്നമ്മയുടെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നെന്നും കൈയില്‍ പണവും ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നെന്നും മകള്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്‌.

കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രി വളപ്പില്‍ കണ്ടെത്തിയ ലോട്ടറി വില്‍പ്പനക്കാരിയായ വീട്ടമ്മയുടെ മരണകാരണം തലയ്‌ക്കേറ്റ മാരക മുറിവാണെന്നു കണ്ടെത്തി. കല്ലോ സമാനമായ ഭാരമേറിയ വസ്‌തുവോ ഉപയോഗിച്ച്‌ ഇടിച്ചപ്പോഴോ മറിഞ്ഞുവീണു തല ഇടിച്ചപ്പോഴോ ഉണ്ടായതിനു സമാനമായ പരുക്ക്‌ പൊന്നമ്മയുടെ തലയിലുണ്ടെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. മുറിവിന്‌ ആഴമുണ്ട്‌. മൃതദേഹം പൊന്നമ്മയുടേതുതന്നെയെന്ന്‌ ഉറപ്പിക്കുന്നതിനു ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ്‌ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി രക്‌ത സാമ്പിള്‍ ശേഖരിക്കാന്‍ മകളോട്‌ പോലീസ്‌ സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചു. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മ(55)യുടെ ശരീരം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്‌തമായത്‌. പൊന്നമ്മയും മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളും തമ്മില്‍ പണത്തെച്ചൊല്ലി നേരത്തെ തര്‍ക്കമുണ്ടായതായി സൂചനയുണ്ട്‌. പൊന്നമ്മയുടെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നെന്നും കൈയില്‍ പണവും ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നെന്നും മകള്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്‌.

മൃതദേഹത്തില്‍ ഇവയൊന്നുമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലെ സ്വകാര്യ പണമിടപാടു സ്‌ഥാപനങ്ങളിലും ബാങ്കുകളിലും പോലീസ്‌ പരിശോധന നടത്തി. അന്വേഷണത്തെ തുടർന്ന് ഒരാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ്‌ ആശുപത്രി പരിസരത്തു ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പൊന്നമ്മെയ പണം തട്ടിയെടുക്കുന്നതിനു പ്രതി, തന്ത്രപൂര്‍വം ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതായാണ്‌ പോലീസിന്റെ സംശയം.

അവിടെവച്ചു കരിങ്കല്ലുകൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയതായും പോലീസ്‌ കരുതുന്നു. എന്നാല്‍, രക്‌തം പുരണ്ട കല്ലോ ആയുധങ്ങളോ സംഭവസ്‌ഥലത്തുനിന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Share
Leave a Comment