ആഗ്ര: കാമുകനെ കൊലപ്പെടുത്തിയ വിവരം പുറത്തുപറയുമെന്ന് ഭയന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച മാതാപിതാക്കള്‍ പിടിയിലായി. പതിനെട്ടുകാരിയായ പെണ്‍കുട്ടി മാരകമായി കുത്തേറ്റും വെടിയേറ്റും മരണാസന്നയായി കിടന്ന സംഭവത്തിലാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഇട്ട എന്ന ഗ്രാമത്തിലെ അഫ്രോസ് ഖാനെയും ഭാര്യ നൂര്‍ജഹാനെയുമാണ് മലവന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മകള്‍ നിഷയെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായതെങ്കിലും മറ്റൊരു കൊലക്കേസ് കൂടി തെളിയുകയായിരുന്നു.
ശനിയാഴ്ച രാത്രി ആസ്പുര്‍-ബഗ്വാല റോഡില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു നാടന്‍ തോക്കും മോട്ടോര്‍ ബൈക്കും പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ മകളെ കൊല്ലാന്‍ ശ്രമിച്ചത് തങ്ങളാണെന്ന കാര്യം മാതാപിതാക്കള്‍ സമ്മതിച്ചു. ഇതോടെ മറ്റൊരു ദുരഭിമാന കൊലക്കേസിന്റെ നിര്‍ണ്ണായക തെളിവുകളാണ് പോലീസിന് ലഭിച്ചത്.
നിഷയുടെ കാമുകനായിരുന്ന ആമിര്‍ എന്ന 24 കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കാര്യം പുറത്തുപറയുമെന്ന് പറഞ്ഞതിനാണ്, നിഷയെയും കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഇരുവരുടെയും മൊഴി. അഫ്രോസ് ഖാന്‍, നൂര്‍ജഹാന്‍, ഇവരുടെ ഇളയ മകന്‍, നൂര്‍ജഹാന്റെ രണ്ട് സഹോദരന്മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ജൂലൈ ആറ്, ഏഴ് തീയ്യതികളില്‍ നിഷയുടെ കാമുകനായിരുന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വടികൊണ്ടും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടും അതിക്രൂരമായി മര്‍ദ്ദിച്ചാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് നിഷ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നിഷയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും അമ്മാവനായ ഹഫീസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മറ്റൊരു അമ്മാവനായ ഇഷിയാക് ഒളിവിലാണ്.
ജൂലൈ ആറിന് അര്‍ദ്ധരാത്രിയിലാണ് ആമിറിനെ ഇവര്‍ പിടികൂടിയത്. ഇയാള്‍ നിഷയുടെ വീട്ടിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു. നിഷയും ആമിറും മുറി അകത്ത് നിന്നും പൂട്ടി ഇതിനകത്തിരിക്കുകയായിരുന്നു. എന്നാല്‍ ആമിറിനെ പിടികൂടിയ കുടുംബാംഗങ്ങള്‍ ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ചു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനാണ് നിഷയെയും കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ഹഫീസിന്റെ മൊഴി. ഇഷിയാകും അഫ്രോസും നൂര്‍ജഹാനും ചേര്‍ന്നാണ് നിഷയെ ഇട്ടായിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ചവശയാക്കിയ ശേഷം വെടിവച്ച് നിഷയെ വഴിയിലുപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു. മാരകമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ വഴിയാത്രക്കാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. അലിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഷ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
Post Your Comments