KeralaNews

പി.വി.ആര്‍ സിനിമാസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

 

കൊച്ചി: കൊച്ചി, ഒബെറോണ്‍ മാളിലെ പി.വി.ആര്‍ സിനിമാസില്‍ നിന്ന് കുടിവെള്ളത്തിനും മറ്റു വസ്തുക്കള്‍ക്കുമായി അമിത തുക ഈടാക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഷര്‍ഷാദ് എന്നയാളാണ് പരാതിക്കാരന്‍. ഒരു ലിറ്ററില്‍ താഴെ വരുന്ന പെപ്സി, രണ്ട് ബക്കറ്റ് പോപ്കോണ്‍, ഒരു ലിറ്ററില്‍ താഴെ വരുന്ന വെള്ളം എന്നിവയ്ക്കായി 700 രൂപ പി.വി.ആര്‍ ഈടാക്കിയതായി ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ പറയുന്നു. വിഷയം എറണാകുളം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഉടന്‍ നടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയെന്ന് ഷര്‍ഷാദ് ന്യൂസ് മൊമന്റ്സിനോട് പറഞ്ഞു.

സ്നാക്സിനും കുടിവെള്ളത്തിനുമായി പിവിആര്‍ കൊള്ളലാഭം കൊയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സിനിമാ തീയേറ്ററുകളുള്ള വന്‍കിട കമ്പനികളിലൊന്നാണ് പി.വി.ആര്‍. പ്രേക്ഷകര്‍ക്ക് വെള്ളമോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ തീയേറ്ററിനുള്ളിലേക്ക് കൊണ്ടുവരാന്‍ കമ്പനിയുടെ നിയമാവലി പ്രകാരം അനുവാദമില്ല. വെള്ളം മുതല്‍ ചെറിയ സ്നാക്സോ കൂള്‍ഡ്രിങ്ക്സോ വാങ്ങുന്നതിന് വലിയ തുകയയാണ് പി.വി.ആര്‍ മള്‍ട്ടിപ്ലെക്സുകളില്‍ ഈടാക്കുന്നത്. ഇക്കാര്യത്തില്‍ നേരത്തെയും പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടികളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല.

തമിഴ്നാട്ടില്‍ ഇത്തരം കൊള്ളയെ നേരിടുന്നതിന് കര്‍ശനമായി നിയമാവലികള്‍ ഉണ്ടെന്നും കേരളത്തില്‍ ഉള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മള്‍ട്ടിപ്ലക്സുകള്‍ ജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിട്ട് വാരുകയാണെന്നും ഷര്‍ഷാദ് പറയുന്നു. ടിക്കറ്റിനെക്കാള്‍ വിലയാണ് രണ്ട് പായ്ക്കറ്റ് പോപ്കോണിന് നല്‍കേണ്ടി വന്നത്. കുഞ്ഞുങ്ങളുമായി തീയേറ്ററില്‍ വരുന്നവര്‍ നിര്‍ബന്ധമായും കുടിവെള്ളം വാങ്ങുമെന്ന് തീയേറ്റര്‍ അധികൃതര്‍ക്ക് ഉറപ്പാണ്. മറ്റു മാര്‍ഗങ്ങളില്ലാതെ വെള്ളം വാങ്ങുന്നവരെ പിഴിയുകയാണ് മള്‍ട്ടിപ്ലക്സുകളെന്നും ഷര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button