KeralaLatest News

ലോകപ്രശസ്ത ജനകീയസംഗീതജ്ഞൻ ടി എം കൃഷ്ണ തളിപ്പറമ്പിൽ

തളിപ്പറമ്പ് : തളിപ്പറമ്പിൻറെ നഗരപിതാവെന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി അഥവാ പി .നീലകണ്ഠഅയ്യരുടെ ജ്വലിക്കുന്ന സമരണയ്ക്ക് മുമ്പിൽ ലോകപ്രശസ്ത ജനകീയ സംഗീതജ്ഞൻ ടി എം കൃഷ്ണ ആദ്യമായി നാദോപാസനയുമായി തളിപ്പറമ്പ് ചിറവക്കിലെ പെരിഞ്ചല്ലൂർ സംഗീത സഭയിൽ.

ശ്രേഷ്ട സംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ കൃഷ്ണയുടെ ആലാപന മികവ് ആസ്വാദകർക്ക് ഓർമ്മയിലെന്നും തിളങ്ങിനിൽക്കുന്ന മഹിതാനുഭവമായി മാറി.പെരിഞ്ചല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ, പി. വി. രാജശേഖരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

43 വയസ്സിനിടയിൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി രണ്ടായിരത്തിലേറെ കച്ചേരികൾ നടത്തിയ തൊഡൂർ മാഡബൂസി കൃഷ്ണ അഥവാ ടി എം കൃഷ്ണ സംഗീതത്തിന്റെ സ്വീകാര്യതക്ക് ജാതിമത വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസങ്ങളുടെ അതിരടയാളങ്ങൾ വിഘാതമാവരുതെന്ന പരസ്യപ്രസ്‌താവനയോടെയാണ് കച്ചേരിക്ക് തുടക്കം കുറിക്കാറുള്ളത്‌ .

ഈശ്വരസമർപ്പണമായും വരേണ്യവർഗ്ഗത്തിൻറെ തിരുസന്നിധികളിലും ആലപിക്കപ്പെടെണ്ട ഒന്നാണ് കർണ്ണാടക സംഗീതം എന്ന പാരമ്പര്യ വിധികളെ തകർത്തെറിഞ്ഞുകൊണ്ട് ആസ്വാദകലക്ഷങ്ങളായി പൊതുസമൂഹത്തെ ഒരുമിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് സംഗീതലോകത്തെ ഈ വിപ്ലവകാരി വേദികളിൽനിന്ന്‌ വേദികളിലേക്ക് പടർന്നുകയറുന്നത് .

സംഗീതജ്ഞൻ എന്നതിലുപരി സാമൂഹിക സാംസ്‌കാരിക നിരീക്ഷകൻ ,എഴുത്തുകാരൻ ,ബുദ്ധിജീവി ,ധനതത്വശാസ്‌ത്രത്തിൽ ബിരുദധാരി എന്നീ നിലകളിലെല്ലാം ഏറെ പ്രശസ്ഥനായ ഇദ്ദേഹം മഗ്‌സാസേ പുരസ്‌ക്കാരജേതാവ് കൂടിയാണ് .

ഹിന്ദുമതത്തിലധ്ഷ്ഠിതമായ ഭക്തിമാത്രമല്ല സംഗീതത്തിൻറെ ആത്മാവെന്നും പണ്ഡിതസദസ്സുകൾക്കൊപ്പം ജാതിമതവർഗ്ഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ പൊതുസമൂഹത്തിനും പാർശ്വവത്ക്കരിക്കപ്പെട്ട അധസ്ഥിതർക്കും ചൂഷിത വർഗ്ഗത്തിനും വേണ്ടിസംഗീതം ജീവാത്മാവായി കൊണ്ടുനടക്കുന്ന സംഗീതലോകത്തെ നവോത്ഥാനനായകൻ എന്ന നിലയിലുമാണ് ഇദ്ദേഹം അറിയപ്പെടുന്നത് .”എ സതേൺ മ്യൂസിക്-ദ കർണാടിക് സ്റ്റോറി’ ”-എന്ന തൻറെ ഗ്രന്ഥത്തിൽ കൃഷണ ഈ കാര്യം വിശദമായി പറയുന്നുമുണ്ട്.

ഏറെ പ്രസിദ്ധമായ ഈ ഗ്രന്ഥം പ്രകാശനം ചെയ്‌തതാവട്ടെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. ഈ കൃതിയിൽ കർണാടക സംഗീതത്തിന്റെ തത്ത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം എന്നിവ ചർച്ച ചെയ്യുന്നു.

സംഗീതലോകത്തെ ജാതിമതവിവേചനത്തിനെതിരെ അതിശക്തമായ രീതിയിൽ പ്രധിഷേധമുയർത്തുകയും എഴുതുകയും നിരവധി നിറഞ്ഞ സദസ്സുകളിൽ പ്രഭാഷണങ്ങൾ നടത്തിയും സംഗീതജ്ഞൻ എന്നതിലുപരി സംഗീതലോകത്തെ സാമൂഹിക പരിഷ്‌കർത്താവ് എന്നനിലയിൽ ഇതിനകം ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തും ഏറെ പ്രശസ്ഥനും ശ്രദ്ധേയനുമായി തീർന്നിരിക്കുന്നു.

സർഗ്ഗാത്മകതെയെയും സൗന്ദര്യാത്മകതയെയും പരിമിതപ്പെടുത്തുന്ന സംഗീതത്തിലെ സ്ഥാപിതസങ്കൽപ്പങ്ങൾക്കുനേരെ വിമർശനവിധേയമായ രീതിയിൽ വിരൽചൂണ്ടുമ്പോഴും സംഗീതത്തിൻറെ പാരമ്പര്യമൂല്യത്തെ നിരാകരിക്കാത്ത കൃഷ്‌ണയുടെ സംഗീത തപസ്യയും ആലാപനശൈലിയും സംഗീതാസ്വാദകരിൽ അദ്ദേഹത്തിന് ആരാധകരേറെ .

സംഗീതസംബന്ധിയായ ഗ്രന്ഥരചനയിലും സംഗീതാദ്ധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച കൃഷ്‌ണയുടെ നിരവധി ആൽബങ്ങൾ ഇതിനകം പ്രകാശനം ചെയ്‌തിട്ടുണ്ട്‌ . രാജു മുരുഗൻ സംവിധാനം ചെയ്ത ജിപ്സി(2019) എന്ന തമിഴ് ചിത്രത്തിലെ സന്തോഷ് നാരായണൻ സംഗീതസംവിധാനം ചെയ്ത ‘വെൺപുരാ’ എന്ന ഗാനമാണ് ആദ്യ പിന്നണിഗാനം. ഈ പാട്ടിൽ കൃഷ്ണയുടെ ശബ്ദത്തിനു പുറമേ മാർട്ടിൻ ലൂതർ കിംഗ്, നെൽസൺ മണ്ഡേല, ഏ.പി.ജെ അബ്ദുൾ കലാം എന്നിവരുടെ ശബ്ദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ആദ്യ കച്ചേരി നടന്നതാവട്ടെ ചെന്നൈയിലെ മ്യുസിക് അക്കാദമിയിൽ .

ചെന്നൈ കാളിതെരുവിഴ , ചെന്നൈ പുറമ്പോക്ക് പാടൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്നിലെ പ്രധാന ചാലകശക്തിയായ കൃഷ്ണ സാമുഹിക പരിഷ്ക്കരണത്തിനുതകുന്ന തരത്തിലുള്ള പല പ്രസ്ഥാനങ്ങളിലൂം ഭിന്ന ലൈംഗികശേഷിയുള്ളവരുടെ സംഗീതകൂട്ടായ്മകളിലും സജീവസാന്നിദ്ധ്യമുറപ്പാക്കിയാതായറിയുന്നു .
1976 ൽ ചെന്നൈയിൽ ജനനം. സംഗീതത്തിൽ ആദ്യ ഗുരുക്കന്മാർ ചെങ്കൽപേട്ട രംഗനാഥൻ ,ശെമ്മാങ്കുടി ശ്രീനിവാസ അയ്യർതുടങ്ങിയവർ .

നിരവധി സംഗീത ആൽബങ്ങളും പുറത്തിറക്കിയ ഇദ്ദേഹം സംഗീതമെന്നല്ല ഒരു കലയും ഈ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്നാണ് വിശ്വസിക്കുന്നത് .

”മനുഷ്യനും മനുഷ്യനുമിടയിലുള്ള എല്ലാ മതിലുകളും തകര്‍ക്കപ്പെടേണ്ടതാണെന്ന ” -ഈ വേറിട്ട ജീവിത സമീപനത്തിനുള്ള അംഗീകാരമായാണ് മഗ്‌സാസെ അവാർഡ് കൃഷ്ണയെ തേടിയെത്തിയിരിക്കുന്നുവെന്നുവേണം കരുതാൻ .

ഇന്ത്യയിലെ പ്രമുഖ സാഹിത്യ സമ്മേളനങ്ങളിലെല്ലാം പ്രാസംഗികൻ എന്ന നിലയിൽ സ്ഥിരസാന്നിധ്യമായ കൃഷ്ണ കരുത്തരായ ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിലും തികഞ്ഞ ശ്രദ്ധ പുലർത്തുന്നു. അദ്ദേഹത്തിന്റെ ശിഷ്യരിൽ പലരും ഇന്ന് മുൻ നിര ഗായകരായി പേരെടുത്തു കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജീവിതരേഖയിൽ നിന്ന് കടമെടുത്താൽ കഴിഞ്ഞ 25 വർഷത്തെ സംഗീതയാത്രയിലൂടെ കടന്നു പോകുമ്പോൾ , അറിയപ്പെടുന്ന ഗായകൻ എന്ന നിലയിലും സാമൂഹിക നിരീക്ഷകൻ എന്ന നിലയിലും അധസ്ഥിതർക്കും ചൂഷിതർക്കും വേണ്ടി നിലകൊണ്ടയാൾ എന്ന നിലയിലും കൃഷ്ണയുടെ ജീവിതത്തെ വിലയിരുത്താനാകും.

ജനങ്ങളുടെ ഇടയിൽ, സ്ഥാപനങ്ങളുടെ ഇടയിൽ, മനുഷ്യരാശിക്കു മുന്നിൽ, കയ്യടികൾക്കു വേണ്ടിയല്ലാതെ, തന്റെ പാട്ട് പാടാനും തന്റെ ചിന്തകൾ പങ്കു വയ്ക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button