NewsInternational

പിശാചിനെ ഒഴിപ്പിക്കാന്‍ ഹെലികോപ്ടറില്‍ പുണ്യജലം

 

കൊളംബിയ: നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ വിചിത്ര മാര്‍ഗ്ഗവുമായി ബിഷപ്പ്. കൊളംബിയന്‍ പട്ടണമായ ബ്യുണവെഞ്ചൂറയെ ബാധിച്ച പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ ആകാശത്ത് നിന്ന് പുണ്യജലം വീഴ്ത്താനാണ് ബിഷപ്പ് ഉദ്ദേശിക്കുന്നത്. ഹെലികോപ്ടറില്‍ പട്ടണത്തിനു മേല്‍ പുണ്യജലം തളിക്കുമെന്ന് ബ്യൂണവെഞ്ചൂറ ബിഷപ്പായ മോണ്‍സിഞ്യോര്‍ റൂബെന്‍ ഡാരിയോ യാരാമിലോ മോണ്ടോയ പറഞ്ഞു. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരിക്കും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പുണ്യജലം തളിക്കല്‍.

ദാരിദ്ര്യം, മയക്കുമരുന്ന് കള്ളക്കടത്ത്, ആക്രമണങ്ങള്‍ എന്നിവയ്ക്ക് കുപ്രസിദ്ധി നേടിയ പട്ടണമാണ് ബ്യൂണവെഞ്ചൂറ. പട്ടണത്തില്‍ നിന്ന് സാത്താനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബിഷപ്പ് മോണ്ടോയ ഒരു പ്രാദേശിക റേഡിയോയില്‍ പറഞ്ഞു. കുറ്റകൃത്യങ്ങളാലും അഴിമതിയാലും മയക്കുമരുന്ന് ഇടപാടുകളാലും മറ്റും നമ്മുടെ പ്രദേശത്തിന് നഷ്ടമായ സമാധാനവും ശാന്തിയും തിരികെ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് നോക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.

ബ്യൂണവെഞ്ചൂറ പട്ടണത്തില്‍ പുണ്യജലം തളിക്കാന്‍ കൊളംബിയന്‍ സൈന്യവും ബിഷപ്പിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നഗര വിശുദ്ധന്റെ ആഘോഷത്തിനിടെ നടത്താനിരിക്കുന്ന പുണ്യജലം തളിക്കലിന് ഹെലികോപ്ടര്‍ വിട്ടുനല്‍കുന്നത് സൈന്യമാണ്. കൊളംബിയയുടെ പസഫിക് തീരത്തുള്ള പട്ടണമായ ബ്യൂണവെഞ്ചൂറ 2014ല്‍ രാജ്യത്തെ ഏറ്റവും അക്രമാസക്തമായ പട്ടണമെന്ന് അറിയപ്പെട്ടിരുന്നതാണ്. ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 51 കൊലപാതകങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button