കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തൃക്കൊടിത്താനം സ്വദേശി ലോട്ടറി വില്‍പനക്കാരിയായ പൊന്നമ്മ (44) യാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊന്നമ്മയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കാന്‍സര്‍ വാര്‍ഡിന് എതിര്‍വശത്ത് സി ടി സ്കാന്‍ സെന്‍ററിനോട് ചേര്‍ന്നുള്ള കുറ്റികാടിനുള്ളിലാണ് ശനിയാഴ്ച പകല്‍ ഒരു മണിയോടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം നാല്പത്തഞ്ച് വയസിന് മുകളില്‍ പ്രായം തോന്നിക്കും.
ചുവന്ന സാരിയാണ് ധരിച്ചിരുന്നത്. മൃതദേഹത്തിന് പന്ത്രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹത്തിന്റെ തലമുടി പൂര്‍ണ്ണമായും ദ്രവിച്ച് തലയോട് കാണത്തക്ക രീതിയില്‍ ആയിരുന്നു. തലയോടിന്റെ കഷണങ്ങള്‍ വെര്‍പെട്ടിരുന്നു. കൈകാലുകള്‍ പൂര്‍ണ്ണമായും അഴുകി അസ്ഥികള്‍ പുറത്ത് വന്നിരുന്നു. പ്രദേശത്ത് ബോംബ് ക്വോഡിന്റെ പരിശോധനയില്‍ രണ്ട് ഗോള്‍ഡ് കവറിംഗ് വളകള്‍ ലഭിച്ചു.മൃതദേഹം കൂടുതല്‍ അഴുകിയതിനാല്‍ ഡോഗ് സ്ക്വോഡിന് പരിശോധിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹവുമായി സാമ്യമുള്ള കാണാതായവരെ കുറിച്ചുള്ള അന്വഷണത്തിനൊടുവിലാണ് പൊന്നമ്മയുടെ ബന്ധുക്കളെ ഗാന്ധി നഗര്‍ പൊലീസ് വിളിച്ചു വരുത്തിയത്. മൃതശരീരത്തില്‍ നിന്നും ലഭിച്ച സാരിയും വളകളും പൊന്നമ്മയുടെതാണെന്ന് ബന്ധുക്കള്‍ സമ്മതിച്ചു. മൃതദേഹം പൊന്നമ്മയുടെത് തന്നെയാണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവുകയുള്ളുവെന്ന് ജില്ലാ പോലിസ് മേധാവി പി.എസ്.സാബു പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് അന്വഷണം ഊര്‍ജ്ജിതമാക്കി. മെഡിക്കല്‍ കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.കാർഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ആദ്യം കണ്ടത്.ശനിയാഴ്ച രാവിലെയോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വ്യാപിച്ചിരുന്നു.ഇതേ തുടര്‍ന്ന് ക്യാന്‍സര്‍ വാര്‍ഡിലെ കൂട്ടിരുപ്പുകാര്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിച്ചു. തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള്‍ അഴുകിയ മൃതദേഹം ചതിപ്പിലേക്ക് പതിച്ചു.
തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസിനെ വിവരം അറിയിച്ചു. എസ്പി പി എസ് സാബു, ഡിവൈഎസ്പി പാര്‍ഥസാരഥി പിള്ള, കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സി ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്ക്വോഡ് ,ഡോഗ് സ്ക്വോഡ് എന്നിവര്‍ സ്ഥലത്തെത്തി.
Post Your Comments