ന്യൂഡല്‍ഹി: കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പിന്റെ കൈവശമുള്ള വ്യക്തിവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയവയ്ക്കു നല്‍കുന്ന വ്യക്തി വിവരങ്ങളാണ് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നത്. 87 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ദേശീയ ഗതാഗത രജിസ്ട്രി ശേഖരിച്ച വ്യക്തിവിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വാഹന്‍, സാരഥി സംവിധാനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ 65 കോടി രൂപ നേടി. മഹാരാഷ്ട്രയില്‍നിന്നുള്ള എംപി ഹുസൈന്‍ ദല്‍വായിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ ഗതാഗത രജിസ്ട്രിയില്‍ ദേശീയ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) വഴി ശേഖരിച്ച ഏതാണ്ട് 25 കോടി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും 15 കോടി ഡ്രൈവിങ് ലൈസന്‍സ് രേഖകളുമാണുള്ളത്. 2019–20 സാമ്പത്തിക വര്‍ഷത്തില്‍ വിവരങ്ങള്‍വേണ്ട സ്ഥാപനങ്ങള്‍ക്ക് മൂന്നുകോടി രൂപ നല്‍കി ഇത് സ്വന്തമാക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിനും സ്ഥാപനത്തിനുള്ളില്‍ ഉപയോഗിക്കാനുമാണ് അഞ്ച് ലക്ഷം രൂപ നിരക്കില്‍ ഒറ്റത്തവണ വിവരങ്ങള്‍ നല്‍കുന്നത്. വാഹന്‍, സാരഥി എന്നിവയിലെ വിവരങ്ങളും ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ മോഷണംപോയ വാഹനങ്ങളുടെ വിവരങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യക്തിവിവരങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കടക്കം കൈമാറുമ്പോള്‍ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ വില്‍ക്കുന്നത്.
Post Your Comments