KeralaLatest NewsArticle

മഴയും പ്രകൃതിയും ഒരുക്കുന്ന സംരക്ഷണവലയം പൊളിച്ചു മനുഷ്യന്റെ ത്വര വരും തലമുറയ്ക്ക് നഷ്ടപ്പെടുത്തുന്ന കവർന്നെടുക്കലുകളെ കുറിച്ചുള്ള വേവലാതികൾ

മഴയുടെ രസതന്ത്രങ്ങൾ-

“പുതുമഴയ്ക്ക് മുൻപേ വീട് എത്തണം”ബസ്സ്‌ കയറിയത് മുതൽ മനസ്സിൽ ഉറപ്പിച്ചതാണ്.ഉച്ച സൂര്യന്റെ തീക്ഷണതയേറ്റ് പ്രകൃതി പോലും കരുവാളിച്ചിരിക്കുന്നു.ചെവിയിലേയ്ക്ക് ഹെഡ് സെറ്റ് തിരുകി സൈഡ് സീറ്റിലേക്ക് ഞാൻ ചാരിയിരുന്നു.നെറുകയിൽ നിന്നും ഒഴുകിയിറങ്ങുന്ന വിയർപ്പ് കണങ്ങളും ബസിലേക്ക് വരുന്ന ചൂട് കാറ്റും വല്ലാതെ അലോസരപ്പെടുത്തുന്നു. മരങ്ങൾ ഒക്കെ ഇല പൊഴിച്ചും ചില്ലകൾ താഴ്ത്തിയും വേനലിന് കീഴടങ്ങിയത് പോലെ വെയിൽ വെന്ത് ഉരുകിയ നഗര പാതയോരങ്ങളിൽ പൊടി പാറി നിൽക്കുന്നു.പ്രകൃതി പക പോലെ നാടും നഗരവും കത്തിയെരിയുന്നു.

മകരവും മീനവും കഴിഞ്ഞു ഇടവപ്പാതിക്ക് ഉള്ള തയ്യാറെടുപ്പിൽ ആണ് പ്രകൃതി.വെള്ളിക്കെട്ട് പോലെ നീങ്ങുന്ന പഞ്ഞി മേഘങ്ങൾക്കിടയിലേയ്ക്ക് കരിമേഘങ്ങൾ അധിനിവേശം നടത്തുന്നുണ്ട്.ഉരുണ്ടു കൂടുന്ന മേഘ സങ്കലനങ്ങളിൽ വ്യത്യസ്ത ചിത്രങ്ങൾ വരയ്ക്കുന്നു.മഴയുടെ രസതന്ത്രത്തിന്റെ കൂട്ടുകൾ പാകപ്പെടുത്തുന്ന തിരക്കിലാണ് ആകാശം.

നഗരങ്ങളെക്കാൾ ഗ്രാമങ്ങളിലാണ് മഴയ്ക്ക് സൗന്ദര്യവും ഗന്ധവും.മീന ചൂട് വെന്തുരുകി വീണ ഇടവഴികളിലും വീണ്ടു കീറിയ പാടങ്ങളിലും മഴ തുള്ളികൾ ചിതറി തെറിക്കും,ദാഹം കൊണ്ട് വരണ്ട മണ് പുറ്റുകൾ കുഞ്ഞു മഴ തുള്ളികളെ ഭൂമിദേവിയുടെ മടിതട്ടിലേയ്ക്ക് ആവാഹിക്കും.വെയിൽ കൊണ്ട് ചിതറിയ മണ് തിട്ടകളിലെ പൊടി പടലങ്ങളിൽ ആദ്യ തുള്ളികൾ പതിക്കുമ്പോൾ ഉയരുന്ന ഗന്ധം ഉണ്ട്, എനിക്കേറെ ഇഷ്ടമുള്ളതും.മഴ തോർന്ന വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ടു വരുമ്പോൾ ആവോളം ആസ്വദിച്ചിട്ടുണ്ട് ഈ ഗന്ധം.

പിന്നെ മഴയുടെ താണ്ഡവമാണ്.മിന്നൽ പിണർ കൊണ്ട് ആകാശ കോട്ടകളിൽ അഗ്നി ചിത്രങ്ങൾ വരച്ചു ഇടി നാദം കൊണ്ട് ചിലമ്പൊലി തീർത്തു പെയ്തൊഴിയുന്ന ഇടവപ്പാതി.പൂരത്തിന്റെ കൊട്ടി കയറ്റം പോലെ പതി കാലത്തിൽ തുടങ്ങി ത്രിപുടയിലൂടെ പതിയെ അവസാനിക്കുന്നു.

എപ്പോഴോ ഉറക്കത്തിൽ വഴുതി വീണ എന്റെ മുഖത്തേക്ക് പുതു മഴയുടെ വെള്ളതുള്ളികൾ വീണത് പോലെ,ബസ്സ് നഗരത്തിരക്കിൽ നിന്നും മാറി കഴിഞ്ഞിരിക്കുന്നു.ബസ്സിന്റെ മുൻ ഗ്ലാസ്സിലേയ്ക്ക് മഴ തുള്ളികൾ ആഞ്ഞു പതിച്ചു..ടാർ ഉരുകി തിളച്ചു മറിഞ്ഞ റോഡുകളിൽ നിന്നും ആവിപ്പുക പൊന്തി ഉയരുന്നത് കാണാം.ബസ് സ്റ്റാന്റിൽ ഇറങ്ങി വീട്ടിലേയ്ക്ക് വിളിച്ച ഓട്ടോ റിക്ഷ റോഡിലെ മഴകുഴികളിൽ ഒന്നും വിടാതെ പതിക്കുന്നുണ്ട്.നനഞ്ഞ ഡ്രസ് മാറി ചൂട് ചായയോടൊപ്പം ഉമ്മറത്ത് ഇരുന്ന് ടെറസ്സിലെ പൈപ്പിൽ നിന്നും മഴ വെള്ളം ഒഴുകി ഓടയിലേയ്ക്ക് പോകുന്നത് കണ്ടപ്പോൾ ഓർമകൾ ഭൂതകാലങ്ങളുടെ തടവറകളിലേയ്ക്ക് ആഴ്ന്നിറങ്ങി.

കുട്ടികാലങ്ങളിൽ ഓല മേഞ്ഞ ഉമ്മറങ്ങളുടെ തുമ്പിൽ നിന്നും കണ്മുന്നിൽ നേർത്ത മഴ നൂലുകൾ സൃഷ്ടിച്ചിരുന്നു.മഴ തോർന്നിറ്റ് വീഴുന്ന ഓരോ തുള്ളിയും താഴെ പതിക്കുമ്പോൾ ചിത്ര കഥകളിലെ റാണിമാരുടെ കിരീടം പോലെ രൂപങ്ങൾ പ്രത്യക്ഷപ്പെടും.കരിമേഘങ്ങൾ പെയ്തൊഴിയുമ്പോൾ ഓലക്കെട്ടിന്റെ പുറത്ത് രൗദ്രതയുടെ അസുര താളം ആയിരിക്കും.വെള്ളി വെളിച്ചം മിന്നൽ പിണറുകളായി ഉമ്മറത്തും അടുക്കള വാതിലിലും ചിന്നി ചിതറും. മഴ തുള്ളികൾ ഓല വിടവുകൾക്കിടയിലൂടെ വഴി കണ്ടെത്തി ഉൾത്തളങ്ങളിലെത്തും. ഓല മേഞ്ഞ വീടുകൾ പോലെ മഴയുടെ ആർദ്രതയും രൗദ്രഭാവവും പകർന്നു തരാൻ മറ്റൊന്നിനും കഴിയില്ല.

ഉണങ്ങി വരണ്ട വയലേലകളിലും പാതവക്കിലും പുൽ നാമ്പുകൾ തലയെടുക്കും. പ്രകൃതി നരച്ച ഉടയാടാകൾ അഴിച്ചു മാറ്റി പച്ച പട്ടുടുത്തു തരളിതയാകും.വേരുകൾ മഴ കുടിച്ച മര ചില്ലകളിൽ തളിരും നാമ്പും ഉടലെടുക്കും, ആവാസ വ്യവസ്ഥയുടെ അനിവാര്യതയിലേയ്ക്ക് മാളങ്ങളിൽ നിന്നും പുറത്തേക്ക് പാമ്പും പഴുതാരയും ഇറങ്ങി തുടങും.മണ്ണിനടിയിൽ നിന്നും പറന്നുയരുന്ന ഈയം പാറ്റകൾ ശാപമോക്ഷം നേടിയത് പോലെ നനഞ്ഞു മണ്ണിൽ പതിക്കുന്നു.രാത്രി മഴയുടെ ഇടവേളകളിൽ തവളകളും ചീവിടുകളും തീർക്കുന്ന പ്രകൃതിയുടെ സിംഫണി ഉയരും.

ടോർച്ചുകളും പെട്രോൾ മാക്സുകളും വയലേലകളിൽ മീൻ തിരഞ്ഞും തവളകളെ തേടിയും അലഞ്ഞു നടക്കുന്നുണ്ടാകും.ചെറു മീനുകൾ നിറഞ്ഞൊഴുകുന്ന വല്യ തോടുകൾ വഴി വയലുകളിലും കൈ വഴികളിലും ചേക്കേറും..മരചില്ലകളിലും പൊന്തക്കാടുകളിലും ദേശടനാക്കിളികളുടെ കള കൂജനങ്ങൾ ഉയരും.മഴ കഴിഞ്ഞു പിന്നെ ചെറു കാറ്റിൽ മരം പെയ്യലും ഇല ചാർത്തുകളിൽ തങ്ങി നിൽക്കുന്ന മഴത്തുള്ളികളും ഓർമകളുടെ ഹരമാണ്.

മഴ പ്രകൃതിയുടെ ഉത്സവമാണ്,സർവ ജീവജാലങ്ങളുടെയും അതി ജീവനത്തിന്റെയും നില നിൽപ്പിന്റെയും പൂരങ്ങളാണ്.മഴയ്ക്ക് ലയവും താളവും ഉണ്ട്,മനുഷ്യന്റെ ജീവനവും അതി ജീവനവും മഴയ്ക്ക് കടപ്പെട്ടതാണ്.

ഓരോ വേനലിനും കിണറുകൾ ഭൂമിയുടെ പുതിയ ആഴങ്ങൾ തേടുന്നു.നിറം പിടിപ്പിക്കുന്ന കോണ്ക്രീറ്റ് തറകൾ കൊണ്ട് നമ്മൾ മുറ്റവും കിണറും മോടി പിടിപ്പിച്ചു.മഴകളെ ആകാശത്തു വച്ചു തന്നെ ലോഹ തകിടുകളിൽ ഏറ്റു വാങ്ങി പൈപ്പുകൾ വഴി ഓടകളിലേയ്ക്ക് ചാല് കീറുന്നു..ഭൂമിയെ ഊഷരമാക്കിയ തെങ്ങിൻ തടങ്ങളും ചാല് കീറിയ മടകളും തട്ടുകൾ തീർത്ത വരമ്പുകളും മലയാളിയുടെ പടിയിറങ്ങി.പുഴകളെയും മലകളെയും വരിഞ്ഞു കെട്ടിയപ്പോൾ ഞാറ്റു വേലകളും ആടി കാറ്റും പടിയിറങ്ങി.കന്നി കൊയ്ത്തും മകര കൊയ്ത്തും നടന്ന പാടങ്ങളിലേയ്ക്ക ത്വര മൂത്ത ടിപ്പറുകൾ മണ്ണ് തട്ടി അതിൽ അക്കേഷ്യയും മാഞ്ചിയവും പൂത്തുലയുന്നുണ്ട്.ഇടത്തോടുകൾ ഗതി കിട്ടാതെയലയുന്ന ആത്മാക്കളെ പോലെ മണ്കൂനകൾക്ക് മുമ്പിൽ പകച്ചു നിൽക്കുന്നുണ്ട്.

വരണ്ട പുഴയുടെ മാറിലൂടെ മഴയുടെ കുഞ്ഞി കൈകൾ പരതി വരുന്നതിനൊപ്പം തുള്ളി കളിച്ച കാലവും,നോട്ട് ബുക്കുകളിലെ പേപ്പറുകൾ കീറി ചെറു വള്ളങ്ങളായി തൂമ്പ വീണു ഇളകിയ തൊടികളിലും തെങ്ങിൻ തടങ്ങളിലെ ചെറു കുളങ്ങളിലും നീന്തി തുടിക്കാൻ വിടുന്ന ബാല്യങ്ങളും ഇനിയും ഉണ്ടാകുമോ.ചേമ്പും ചേനയും വയലറ്റ് നിറമുള്ള പയർ പൂക്കളും വള്ളിപടർപ്പുകളും നിറഞ്ഞ തൊടികളിലെ പായലിന്റെ പച്ചപ്പ് അരികു വരച്ച കുളങ്ങളിൽ ഇനിയും നീന്തി തുടിക്കുവാൻ നമുക്ക് കഴിയുമോ.ചേമ്പിലതാളുകൾക്ക് കീഴിൽ മഴ നനഞ്ഞ ബാല്യങ്ങളും മൂക്കോലിപ്പിച്ചു കരിപ്പെട്ടിയും കുരുമുളകും ചേർത്ത എരിവാർന്ന കാപ്പിയും കുടിച്ചു കരിമ്പടവും പുതച്ചു മഴ നോക്കി ഇരുന്ന പനിക്കാലങ്ങളും തിരികെ വരാൻ കൊതിക്കുന്നുണ്ട് വല്ലപ്പോഴും.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയത്തും ഫാനിന്റെ വേഗത പോരെന്നു തോന്നി.മഴയുടെ കുളിർമയും തലോടലും നാം മതിൽക്കെട്ടുകൾക്ക് പുറത്ത് നിർത്തി പടിയടച്ചു.എങ്കിലും പൊള്ളിയടർന്ന കോണ്ക്രീറ്റ് ഭിത്തികൾ തണുത്ത കാറ്റിനെ ആവാഹിച്ചു തുടങ്ങിയപ്പോൾ ചിന്തകളുടെ തടവറകളിൽ നിന്നും ഉറക്കത്തിന്റെ കയങ്ങളിലേയ്ക്ക് ഞാനും വഴുതി വീണു.

ദാഹം ശമിപ്പിക്കാൻ കുടി നീർ തേടി കാതങ്ങൾ താണ്ടുന്ന തലമുറയുടെ ചവിട്ടടികൾ സ്വപ്നത്തിലെങ്കിലും കേട്ടുണരുന്നത് വരെ നമുക്ക് ഉറങ്ങാം……ഉറക്കം നടിക്കാം

വിനോദ് കാർത്തിക

 

shortlink

Related Articles

Post Your Comments

Related Articles


Back to top button