Latest NewsIndia

ഗോവയ്ക്കും കര്‍ണാടകയ്ക്കും ശേഷം ബംഗാളും : 107 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

ബി.ജെ.പിയില്‍ ചേരുന്ന എം.എല്‍.എമാരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

കൊല്‍ക്കത്ത: ഗോവയിലും കര്‍ണാടകയിലും കോണ്‍ഗ്രസ് എം.എല്‍.എമാർ ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ അടുത്ത ബംഗാളിന് സൂചന നല്‍കി ബി.ജെ.പി. ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ 107 എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് തൃണമുല്‍ വിട്ട് നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് വ്യക്തമാക്കി. ബി.ജെ.പിയില്‍ ചേരുന്ന എം.എല്‍.എമാരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റോയ് വ്യക്തമാക്കി. നിലവില്‍ ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസിന് 207 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 43 എം.എല്‍.എമാരും സി.പി.എമ്മിന് 23 എം.എല്‍.എമാരുമുണ്ട്. ബി.ജെ.പിക്ക് 12 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ്, തൃണമുല്‍, സി.പി.എം പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് റോയിയുടെ അവകാശവാദം.

കര്‍ണാടകയില്‍ 15 എം.എല്‍.എമാര്‍ കൂറുമാറിയതിന് പിന്നാലെ ഗോവയില്‍ ഒറ്റയടിക്ക് 10 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് മറുകണ്ടം ചാടിയത്. പ്രതിപക്ഷ നേതാവായിരുന്ന കോണ്‍ഗ്രസ് നേതാവടക്കം കൂറുമാറിയ എം.എല്‍.എമാര്‍ ബി.ജെ.പി മന്ത്രിസഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. അതിനിടെ മധ്യപ്രദേശിലും കോണ്‍ഗ്രസ് എം.എല്‍.എമാർ മറുകണ്ടം ചാടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button