വണ്ടൂര്‍: ഡ്രൈവിങ്ങിനിടെ ഹെല്‍മറ്റ് വെക്കാന്‍ പറയുന്നത് നമ്മുടെ തല കാക്കാനാണ്. എന്നാല്‍ ഹെല്‍മറ്റ് തലയില്‍ വയ്ക്കാത്തതുകൊണ്ടു ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് വാണിയമ്പലം അത്താണിക്കല്‍ പാങ്ങോട്ടില്‍ വേണുയെന്നയാള്‍. കഴിഞ്ഞ ദിവസം രാവിലെ ബൈക്കില്‍ പോകാന്‍ ഒരുങ്ങി അടുക്കളയിലെ ടൈല്‍സിട്ട സ്ലാബിന്റെ മുകളില്‍ വച്ച ഹെല്‍മറ്റ് എടുത്ത വേണു അകത്ത് എന്തോ അനങ്ങുന്നത് ശ്രദ്ധിച്ചു. ഉടന്‍ തന്നെ ഹെല്‍മറ്റ് താഴേക്ക് ഇട്ടു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തില്‍ പെട്ട കരിവേല എന്ന പാമ്പിന്റെ വാല്‍ വേണു കണ്ടു. വണ്ടൂരിലെ സ്റ്റുഡിയോ ജീവനക്കാരനാണ് വേണു. കഴിഞ്ഞ വര്‍ഷം പ്രളയകാലത്തു വേണു ജോലി ചെയ്യുന്ന സ്റ്റുഡിയോയുടെ സമീപത്തെ മില്‍ക്ക് ബൂത്തിന്റെ ഉടമയുടെ ഹെല്‍മറ്റിനുള്ളില്‍ പാമ്പ് കയറിയിരുന്നു. ഇത് വാര്‍ത്തയായിരുന്നു. പിന്നീട് ഹെല്‍മറ്റ് എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് വേണു പറഞ്ഞു.
Post Your Comments