KeralaLatest News

ഈ വിജയത്തിന് തിളക്കം കൂടും; പഞ്ചഗുസ്തിയില്‍ ദേശീയചാംപ്യന്‍ പട്ടം കരസ്ഥമാക്കി ഒരമ്മയും മകളും

ഇടുക്കി: പഞ്ചഗുസ്തിയില്‍ ദേശീയ ചാംപ്യന്‍പട്ടം നേടി ഇടുക്കി സ്വദേശി ജിന്‍സി ജോസും മകള്‍ ആന്‍സലറ്റിനും താരമാകുവന്നു. ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടിയാണ് ഈ അമ്മയും മകളും വാര്‍ത്തയില്‍ നിറയുന്നത്. ഭൂമിയാംകുളം മുണ്ടനാനിക്കല്‍ ജിന്‍സി ജോസും മകള്‍ ആന്‍സലറ്റുമാണ് അപൂര്‍വനേട്ടത്തിന് ഉടമകള്‍. തുടര്‍ച്ചയായി ആറാം വര്‍ഷം ജിന്‍സി ദേശീയ ചാംപ്യന്‍ പട്ടം നേടിയപ്പോള്‍ ആന്‍സലറ്റ് നാലാം വര്‍ഷമാണ് ദേശീയ ചാംപ്യനാകുന്നത്.

ആന്‍സലറ്റിന്റെ വിജയത്തിന് ഇരട്ടി മധുരമുണ്ട്. ജൂനിയര്‍ വിഭാഗത്തില്‍ വിവിധ കാറ്റഗറികളിലായി സ്വര്‍ണം നേടിയ മറ്റു മത്സരാര്‍ഥികളെ പരാജയപ്പെടുത്തി ചാംപ്യന്‍മാരുടെ ചാംപ്യന്‍പട്ടവും ആന്‍സലറ്റ് സ്വന്തമാക്കിയിരിക്കുന്നു. ഛത്തീസ്ഗഡിലെ ഭിലായിയില്‍ ദേശീയ മത്സരത്തിലാണ് ഇവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ അഭിമാന താരങ്ങളായി മാറിയത്.

സീനിയര്‍ വിഭാഗത്തിലും മാസ്റ്റേഴ്സിലും ജിന്‍സി സ്വര്‍ണം നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ ലെഫ്റ്റ് ഹാന്‍ഡിലും റൈറ്റ് ഹാന്‍ഡിലുമാണ് ആന്‍സലറ്റിന്റെ സുവര്‍ണനേട്ടം. കേരളത്തിന് ഏറ്റവുമധികം പോയിന്റ് സമ്മാനിച്ചതും ഇവര്‍തന്നെ. ഒക്ടോബറില്‍ റുമാനിയയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കണമെന്നതാണ് ഈ അമ്മയുടെയും മകളുടെയും സ്വപ്‌നം.

കഴിഞ്ഞ സെപ്റ്റംബര്‍ 5ന് കരിമ്പനു സമീപം വാഹനാപകടത്തില്‍ ജിന്‍സിയുടെ ഭര്‍ത്താവ് ജോസിന് ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. ജോസിന്റെ അപകടവും ചികിത്സയും ഇവരെ വല്ലാതെ തളര്‍ത്തിയിരുന്നു.എന്നാല്‍ ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ഇവര്‍ നേടിയെടുത്ത വിജയത്തിന് മാറ്റേറുകയാണ്. ജോസാണ് ഇരുവരുടെയും ഗുരു. 3 മക്കളില്‍ ഇളയവളായ ആന്‍സലറ്റ് മുരിക്കാശ്ശേരി പാവനാത്മാ കോളജില്‍ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button