KeralaLatest NewsArticle

സ്വാതന്ത്യം ജനാധിപത്യം സോഷ്യലിസം എന്ന ആപ്തവാക്യങ്ങള്‍ ഗുണ്ടകളുടെ മുദ്രാവാക്യമായി മാറുമ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പിടഞ്ഞു വീഴുന്ന ജീവിതങ്ങള്‍; രാജകീയ കലാലയത്തെ ചെകുത്താന്റെ കോട്ടയായി മാറ്റുന്ന എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിച്ചേ മതിയാകൂ

– അഞ്ജു പാര്‍വതി പ്രഭീഷ്

ഇന്നലെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും വിദ്യാർത്ഥിനേതാക്കളുടെ ഗുണ്ടായിസവുമെല്ലാം ചാനലുകളിലും മാധ്യമങ്ങളിലും വൻ വാർത്താപ്രാധാന്യത്തോടെ ചർച്ചാവിഷയമായപ്പോൾ അത് ഒട്ടും പുതുമയായി തോന്നാത്ത ഒരു ജനവിഭാഗമുണ്ട്.അത് ഞാനുൾപ്പെടുന്ന തിരുവനന്തപുരത്തെ നഗരവാസികൾക്കാണ്.ഞങ്ങൾ നഗരവാസികളെ സംബന്ധിച്ചിടത്തോളം
സ്വാതി തിരുനാൾ സ്ഥാപിച്ച തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് നഗരത്തിലെ ഗുണ്ടാ റിക്രൂട്ട്മെന്റ് സെന്ററായി മാറിയിട്ട് എത്രയോ വർഷങ്ങളായി.എന്നും വിവാദങ്ങൾക്ക് വേദിയാകുന്ന യൂണിവേഴ്‌സിറ്റി കോളേജ് സിപിഎം ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും ബിരുദം കരസ്ഥമാക്കാന്‍ പറ്റുന്ന സ്ഥലമായി മാറിക്കഴിഞ്ഞിട്ട് വർഷങ്ങളായി. കോൺഗ്രസ്സ് ഭരിക്കുമ്പോൾ സി.പി.എം നടത്തുന്ന സമരപരിപാടികൾക്കിടെ പോലീസിനെതിരെ ബോംബേറും കല്ലേറും നടത്തുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളാണെന്നത് പരസ്യമായ ഒരു വസ്തുതയാണല്ലോ.സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്നീ ആപ്തവാക്യങ്ങൾ ഗുണ്ടകളുടെ മാത്രം മുദ്രാവാക്യങ്ങളായി മാറുമ്പോൾ ഇനിയും വിദ്യാർത്ഥികൾ അവിടെ കുത്തേറ്റുവീഴും!വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിക്കും! പ്രതികരണശേഷി പോക്കറ്റിനുള്ളിൽ മടക്കിവയ്ക്കപ്പെട്ട യുവത്വങ്ങൾ രാഷ്ട്രീയ അടിമകളായി വിദ്യ അഭ്യസിക്കുന്നുവെന്ന പേരിൽ തെരുവുകളിലെഅക്രമസമരങ്ങളിൽ പങ്കാളികളാകും.അതിനു തയ്യാറാകാത്തവർ ടി സി വാങ്ങി ഇതരകലാലയങ്ങളിലേയ്ക്ക് പോകും.

ഒരു കാലത്ത് രാജകീയകലാലയമായി അനന്തപുരിയുടെ അഭിമാനസ്തംഭമായി തല ഉയർത്തിനിന്നൊരു കലാലയം ഇന്ന് ചെകുത്താൻകോട്ടയായി മാറുമ്പോൾ അതിനുത്തരവാദി എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയും സി.പി.എം എന്ന രാഷ്ട്രീയപ്രസ്ഥാനവും മാത്രമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കാലാകാലങ്ങളായി അറിയപ്പെട്ടിരുന്നത് രാജകീയ കലാലയം എന്ന പേരിലായിരുന്നു.സ്വാതിതിരുനാളെന്ന മഹാരാജാവ് 1834ൽ ഈ കലാലയത്തിന്റെ പ്രാഗ് രൂപമായ സ്ഥാപനം തുടങ്ങിയത് സംസ്കാരത്തിനും കലയ്ക്കും അറിവിനും ഒരു മുതൽക്കൂട്ടാകുമെന്ന സ്വപ്നത്തിലായിരുന്നിരിക്കണം.ആ സ്വപ്നം മികച്ചരീതിയിൽ തന്നെ അവിടെ 1970കൾവരെ സാക്ഷാത്കരിക്കപ്പെടുകയും ചെയ്തിരുന്നു. 1866 ല്‍ ആയില്യം തിരുനാളിന്റെ കാലത്താണ് അത് കോളേജ് ആക്കി ഉയര്‍ത്തിയത്.അന്നതിനെ മദ്രാസ് സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു. മഹാരാജാവ് കോളേജ് എന്ന പേരിലാണ് ആദ്യം ഈ കലാലയം അറിയപ്പെട്ടിരുന്നത്.

കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ശല്യവും ഫാസിസവും കൂടിയപ്പോഴാണ് കോളേജിന്റെ ഒരു ഭാഗം കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് അന്ന് റേഡിയോയില്‍ പ്രതികരണം നടത്തിയെന്നതിന്റെ പേരിലാണ് യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസറായിരുന്ന കൃഷ്ണന്‍ നമ്പൂതിരിയുടെ സൈക്കിളില്‍ ബിജെപി പട്ടിയെന്നു നമ്മുടെ അഭിപ്രായസ്വാതന്ത്ര്യദാഹികളായ അന്നത്തെ കുട്ടിസഖാക്കൾ എഴുതിവച്ചത്.

ഇന്നലത്തെ സംഭവത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐയുടെ ഏകാധിപത്യ ഫാസിസ്റ്റ് നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഈ കുട്ടികൾ മറ്റേതെങ്കിലും സംഘടനകളിലോ രാഷ്ട്രീയപ്രവര്‍ത്തനത്തിലോ അംഗത്വമുള്ളവരോ താല്‍പര്യമുള്ളവരോ അല്ലായെന്നതുകൊണ്ടുതന്നെ ആ കുട്ടികൾ ഇന്നലെ ചാനലുകൾക്കു മുന്നിൽ തുറന്നുപ്പറഞ്ഞ പല കാര്യങ്ങളും കേരളസമൂഹം ഏറെ ചര്‍ച്ചചെയ്യേണ്ടതാണ്.ഇന്നലത്തെ സംഭവത്തെ കുറിച്ച് അവിടെ പഠിക്കുന്ന സുഹൃത്തിന്റെ മകളോട് വിളിച്ചു ചോദിച്ചപ്പോൾ അക്കമിട്ടു ആ പെൺകുട്ടി വിവരിച്ചു തന്നു ആ ചെകുത്താൻകോട്ടയിലെ കുട്ടിസഖാക്കന്മാരുടെ രാഷ്ട്രീയപ്രത്യയശാസ്ത്രം. അവിടെ കുട്ടികൾ എന്ത് ചെയ്യണമെന്നും ചെയ്യണ്ടായെന്നും എസ്എഫ്‌ഐ തീരുമാനിക്കും ,അത് കോളേജ് നടപ്പിലാക്കും. പ്രതികരിച്ചാല്‍ അവനെ വിസ്തരിക്കാനും ശിക്ഷനടപ്പിലാക്കാനും പാര്‍ട്ടിയും അതിന്റെ കോളേജ് യൂണിറ്റും തയ്യാറാകും. എസ്എഫ്‌ഐയുടെ ഈ നിലപാടിനെ ചോദ്യംചെയ്യേണ്ട അധ്യാപകര്‍ തന്നെയാണ് സ്ഥാനക്കയറ്റത്തിനുവേണ്ടിയും സ്ഥലംമാറ്റത്തിനുവേണ്ടിയും ഇവരെ വളര്‍ത്തിയെടുക്കുന്നത്.

വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. ഈ വനിതാനേതാവിനെ കുറിച്ച് പെൺകുട്ടികൾക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്.ഈയടുത്തകാലത്ത് ആത്മഹത്യയ്ക്കുശ്രമിച്ച പെൺകുട്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചിരുന്നത് ഈ കുട്ടിസഖാത്തിയായിരുന്നു.വനിതാമതിലിനു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചതും അണിചേരാതിരുന്ന വിദ്യാർത്ഥിനികളെ പിന്നീട് കാന്റീനിൽ വിളിപ്പിച്ച് വിചാരണ നടത്തി ഭീഷണിപ്പെടുത്തിയതും കുട്ടിസഖാത്തിയുടെ ജനാധിപത്യമര്യാദകളിൽ പെടുന്നു.വ്യാഴാഴ്ച കാന്റീനിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാടുകയായിരുന്ന അഖിലിനോട്
പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. പിറ്റേ ദിവസം മരചുവട്ടിലിരിക്കുകയായിരുന്ന അഖിലിനെ ചോദ്യം ചെയ്യാനായി വിളിച്ചുക്കൊണ്ടു പോയി.തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്.
ഇതറിഞ്ഞ് പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധത്തിനു നേതൃത്വം നൽകിയവരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്കൃത കോളജിൽ നിന്നുള്ള എസ്എഫ്ഐക്കാരും സംഘടിച്ചെത്തി വിദ്യാർഥികളെ വളഞ്ഞിട്ടു തല്ലി.കുത്തേറ്റുവീണ അഖിലിനെ ആശുപത്രിയിലാക്കാൻ യൂണിയനിലുള്ള സഖാക്കന്മാർ കൂട്ടാക്കാത്തതും വിദ്യാർത്ഥികളെ ക്ഷുഭിതരാക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിനു സമീപം 3 പൊലീസുകാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയാണ് ഇന്നലെ അഖിലിനെ കുത്തിയ കേസിലും ഉൾപ്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം. അന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ ആദ്യം അറസ്റ്റ് ചെയ്തില്ല. ആൾ ഒളിവിലാണെന്നായിരുന്നു പൊലീസ് വാദം. എന്നാൽ കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ.ടി. ജലീലും എ.കെ. ബാലനും പങ്കെടുത്ത പരിപാടിയിൽ മുൻനിരയിൽ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലായി. നസീം അടുത്ത ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ആറു മാസങ്ങൾക്കുമുമ്പ് വിവാദമായ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായ ഒരുവൻ നഗരത്തിലെ പ്രശസ്തമായ കലാലയത്തിൽ അധ്യയനം നടത്തുന്നതിനോട് വിയോജിക്കുന്നില്ല.പക്ഷേ യാതൊരു വിലക്കുകളോ അച്ചടക്കനടപടികളോ നേരിടാതെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആയി തുടരുന്നതിലെ പ്രതിക്രിയാവാദം എന്താണ് സഖാക്കളെ?പ്രതിപക്ഷ രഹിത കലാലയമെന്ന നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും ഭീഷണിപ്പെടുത്തിയും നിരന്തരമായ അക്രമപരമ്പകള്‍ അഴിച്ചിട്ടു കൊണ്ടിരിക്കുമ്പോഴാണ് പൊതുവെ സമാധാന തല്‍പരരായ ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൗനങ്ങളുടെ വിടവില്‍ കാമ്പസ് ഫ്രണ്ട് പോലെയുള്ള സംഘങ്ങള്‍ മേല്‍വിലാസമുണ്ടാക്കുന്നത് എന്നത് അഭിമന്യൂവിന്റെ അരുംകൊല കാണിച്ചുതന്നിട്ടും പഠിക്കാത്തതെന്താണ് സഖാക്കളേ?

ക്യാംപസിൽ കത്തിക്കുത്തും തുടർന്നുള്ള സംഘർഷവും ഒന്നര മണിക്കൂറോളം നീണ്ടിട്ടും ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞുവന്ന പ്രിൻസിപ്പൽ കെ. വിശ്വംഭരനെന്ന മനുഷ്യൻ അദ്ധ്യാപകസമൂഹത്തിനാകമാനം അപമാനമാണ്.ക്രിമിനലുകൾ കയറിയിറങ്ങുന്ന കാമ്പസിൽ പഠിക്കാൻ വരുന്ന കുട്ടികൾക്ക് സംരക്ഷണം നല്കാൻ കഴിയാത്ത പ്രിൻസിപ്പൽ ഒരു കാലത്ത് മഹാരഥന്മാർ അലങ്കരിച്ചിരുന്ന ആ കസേരയിൽ ഇരിക്കാൻ ഒട്ടും യോഗ്യനല്ല.അത്തരമൊരു കസേരയിലിരുന്ന് ആ സ്ഥാനത്തെ അപമാനിക്കുന്നതിനേക്കാൾ നല്ലത് തൊട്ടടുത്തുള്ള ഏ.കെ.ജി.സെന്ററിനു മുന്നിൽ തോർത്ത് വിരിച്ച് ഇരിക്കുകയോ ക്ഷൗരക്കട തുടങ്ങുകയോ ആണ്.ഒ എന്‍ വിയും പ്രൊഫ. എസ് ഗുപ്തന്‍ നായരും എം കൃഷ്ണന്‍ നായരും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമൊക്കെ അദ്ധ്യാപനം കൊണ്ട് അലങ്കരിച്ചിരുന്ന പാരമ്പര്യത്തിൽ കരി പുരളാതിരിക്കണമെങ്കിൽ വിശ്വംഭരനെപ്പോലുളള പ്രിൻസിപ്പലുമാരെ കണ്ടം വഴി ഓടിക്കണം.

യൂണിവേഴ്സിറ്റി കോളജിൽ നിന്നു കഴിഞ്ഞ 5 വർഷത്തിനിടെ പഠനം പൂർത്തിയാക്കാതെ 187 വിദ്യാർഥികളാണു ടിസി വാങ്ങിപ്പോയത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഏറെക്കാലമായി സംഘടനയ്ക്കുള്ളിൽ തന്നെ പരാതി ഉയരുന്നുണ്ടെങ്കിലും നേതൃത്വം കർശന നടപടികളെടുത്തിരുന്നില്ല. ഈയിടെ ഒരു വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലും എസ്എഫ്ഐ പ്രതിക്കൂട്ടിലായിരുന്നു. ഒപ്പം ഈ പ്രിൻസിപ്പലും അന്ന് ആരോപണവിധേയനായിരുന്നു.

കലാലയരാഷ്ട്രീയത്തിൽ അഭിരമിക്കുന്ന ,അതാണ് ജീവിതമെന്നു ധരിച്ചുവശായിരിക്കുന്ന കുഞ്ഞനിയന്മാരോടും അനിയത്തിമാരോടും ഒരു വാക്ക്! കുഞ്ഞുങ്ങളേ,അഭിമന്യുവിനെപ്പോലെ അഖിലും ഒരു പ്രതീകം മാത്രമാണ്.കത്തിക്ക് വേണ്ടത്ര മൂർച്ചയുണ്ടാവാത്തതുക്കൊണ്ടുമാത്രം ഈ പ്രസ്ഥാനത്തിനു ഇന്നലെ ഒരു രക്തസാക്ഷിയെ നഷ്ടപ്പെട്ടു.ഒപ്പം പാർട്ടി ഫണ്ടിൽ വന്നുചേരേണ്ടിയിരുന്ന രണ്ടരക്കോടിയും.അതിനപ്പുറമൊന്നുമില്ല രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്.നിങ്ങൾക്കുമുന്നിലുള്ള രാഷ്ട്രീയമഹാരഥന്മാരുടെ കുടുംബത്തിലേയ്ക്ക് ഒന്ന് കണ്ണോടിക്കൂ മക്കളേ! അവിടെ നിങ്ങൾ കാണുന്നില്ലേ ഉന്നതവിദ്യാഭ്യാസം വിദേശസർവ്വകലാശാലകളിൽ നിന്നും നേടിയ നവലിബറലുകളെ.ഉന്നതവിദ്യാഭ്യാസം നേടി,കോടികൾ സമ്പാദിച്ചു സേഫ്സോണിലിരുന്ന് കൊണ്ട് വിപ്ലവം പ്രസംഗിക്കുന്ന അവരിൽ എത്രപേർ നിങ്ങളെപ്പോലെ തെരുവിൽ ലാത്തിയടിയേറ്റ് പുളഞ്ഞിട്ടുണ്ട്?എത്ര കേസുകളിൽ പ്രതിപട്ടികയിലുൾപ്പെട്ടിട്ടുണ്ട്? രാഷ്ട്രീയചാണകൃന്മാരുടെ മക്കളെല്ലാം പഠിച്ചു നല്ല നിലകളിലെത്തിയിട്ടേ പ്രവര്‍ത്തനം തുടങ്ങുന്നുള്ളൂ എന്നതിലെ വൈചിത്ര്യം നിങ്ങൾ കണ്ടിട്ടുണ്ടോ?നിങ്ങൾ പാവം കുട്ടികൾ !ഒരു നിമിഷം സ്വന്തം കുടുംബത്തെക്കുറിച്ചോർക്കൂ! കുടുംബത്തിനു താങ്ങും തണലുമാവേണ്ടവരായ നിങ്ങൾ വരുംവരായ്കകൾ ഓർക്കാതെ ,സിരകളിൽ കൊടിയുടെ നിറവും വീര്യവും മാത്രം ആവാഹിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ കുടുംബത്തിലെ അവസ്ഥയോ തന്റെ ഭാവിയോ തന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ വികാരമോ ഒന്നും ഓർക്കുന്നില്ല.ഇവിടെ കുത്തേറ്റവനും കുത്തിയവരും ഒരർത്ഥത്തിൽ ഇരകളാണ്.കലാലയരാഷ്ട്രീയത്തിന്റെ തെറ്റായ തത്വസംഹിതയുടെ പാവം ഇരകൾ.
പഠനം എങ്ങുമെത്താതെ, ഭാവി ജീവിതം പെരുവഴിയിലും, രാഷ്ട്രീയത്തിലും ഒന്നുമല്ലാതെ കുടുംബം മറന്ന് ജീവിതം തുലച്ച് പെരുവഴിയില്‍ ആയിപ്പോകുന്ന ആയിരങ്ങളിൽ കുറച്ചുപേരാണ് അവർ.കുഞ്ഞുങ്ങളേ,നിങ്ങളുടെ ചിന്താശേഷിയും സർഗ്ഗശേഷിയും കൊണ്ട് വിരിയിക്കേണ്ടത് രക്തപ്പുഷ്പങ്ങളെയല്ല.

ഒന്നുമറിയാത്ത പ്രായത്തില്‍ യുവതലമുറയുടെ ഭാവി നശിപ്പിച്ച്, അവരെ മുന്നില്‍ നിര്‍ത്തിയുള്ള അവരുടെ ചോരയും നീരുമൂറ്റി നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കളിക്ക് ഇനി അധികകാലം ആയുസ്സുണ്ടാവില്ലെന്ന് ഇന്നലത്തെ കുട്ടികളുടെ പ്രതിഷേധം അടിവരയിടുന്നു.മഹാരാജാസിലെ ഹോസ്റ്റല്‍ മുറിയില്‍ ആയുധ ശേഖരം കണ്ടെത്തിയപ്പോള്‍ വാര്‍ക്കപ്പണിയുടെ ഉപകരണമാണെന്ന് നിസാരവല്‍ക്കരിച്ച ബഹുമാന്യ കേരള മുഖ്യനു മുന്നിലാണ് അഭിമന്യു കുത്തേറ്റു പിടഞ്ഞുമരിച്ചത്.അഖിലെന്ന എസ്.എഫ്.ഐ ക്കാരനു ഇന്നലെ എസ്.എഫ്.ഐക്കാരുടെ ചുവപ്പുകോട്ടയിൽ വച്ച് കുത്തേറ്റത്. ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കലാലയ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധതയുടെ നിലമാക്കുന്നതില്‍ എസ്.എഫ്.ഐ.യുടെ പങ്ക് ഇനിയും മറച്ചു വെക്കാനാവില്ല സഖാക്കളേ.ശരികള്‍ തീരുമാനിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് അധികാര ബലത്തിന്റെയും കായിക ബലത്തിന്റെയും തെറ്റുകള്‍ കൊണ്ട് പ്രതിരോധിക്കുന്ന ശൈലി ഒരുപാട് സുപ്രഭാതങ്ങള്‍ കാണില്ലയെന്നാണ് ചരിത്ര പാഠം. ഉരുക്ക് കോട്ടകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നിടങ്ങളില്‍ നിന്ന് സമാധാന തല്‍പരരായ വിദ്യാര്‍ത്ഥി സമൂഹം മാനവ നിഷേധ രാഷ്ട്രീയത്തിനെതിരെ ഇന്നല്ലെങ്കില്‍ നാളെ സംസാരിച്ചു തുടങ്ങുമെന്നതിനാണ് ഇന്നലെ ആ പുരാതനകലാലയം സാക്ഷ്യം വഹിച്ചത്.അഭിപ്രായ സ്വാതന്ത്രത്തിന് ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീര്‍ക്കുന്നവരറിയുന്നുണ്ടോ ഒരു തരി കനൽ കെടാൻ ഇനി അധികസമയമില്ലെന്ന യാഥാർത്ഥ്യം. നാഴികയ്ക്ക് നാല്‍പതുവട്ടം സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നു പുലമ്പുന്ന എസ്എഫ്‌ഐക്കാരോടും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ചോദിക്കുവാനുള്ളതും ഇതേ ചോദ്യംതന്നെയാണ്. മറ്റു വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തെ കൈക്കരുത്തുകൊണ്ട് ചോദ്യംചെയ്യുന്നതാണോ സ്വാതന്ത്ര്യം?

shortlink

Related Articles

Post Your Comments

Related Articles


Back to top button