ബെംഗളൂരു: വെള്ളിയാഴ‌്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കില്ല. 16 വിമതര്‍ വിട്ടുനില്‍ക്കുന്നതോടെ കോണ്‍ഗ്രസ‌്–ജെഡിഎസ‌് സഖ്യസര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും. വ്യാഴാഴ‌്ച വൈകിട്ട‌് ബംഗളൂരുവിലെ വിധാന്‍ സൗധയിലെത്തിയ 10 വിമത എംഎല്‍എമാര്‍ സ‌്പീക്കര്‍ രമേഷ്‌കുമാറിന് രാജിക്കത്ത‌് നല്‍കി മുംബൈയിലേക്ക‌് മടങ്ങി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ‌് വിമത എംഎല്‍എമാര്‍ നേരിട്ടെത്തി സ‌്പീക്കര്‍ക്ക‌് രാജിക്കത്ത‌് നല്‍കിയത‌്.
കനത്ത സുരക്ഷയിലാണ‌് ഇവര്‍ സ്പീക്കറെ കണ്ടത‌്. ക്രമപ്രകാരമല്ലെന്നു പറഞ്ഞ‌് സ‌്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന‌് ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജിയില്‍ തീരുമാനം വെള്ളിയാഴ‌്ച അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സ‌്പീക്കറോട‌് നിര്‍ദേശിച്ചു. എന്നാല്‍, രാജിയില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അടിയന്തരമായി വിഷയം പരിഗണിക്കണമെന്നുമുള്ള സ്പീക്കറുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്നത‌് അസാധ്യമാണ‌്. മണിക്കൂറുകള്‍കൊണ്ട് ഇത്രയധികം രാജിക്കത്തുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. 16 എംഎല്‍എമാര്‍ നല്‍കിയ രാജിക്കത്തിലാണ‌് സ‌്പീക്കര്‍ തീരുമാനമെടുക്കേണ്ടത‌്.16 വിമതര്‍ക്ക‌് പുറമേ സ്വതന്ത്രരായ എച്ച് നാഗേഷും ആര്‍ ശങ്കറും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട‌്. ഇതോടെ ഭരണപക്ഷത്ത‌് 101 പേരായി കുറഞ്ഞു. 224 അംഗ നിയമസഭയില്‍ 16 പേര്‍ വിട്ടുനിന്നാല്‍ അംഗസംഖ്യ 208 ആകും.
കേവലഭൂരിപക്ഷത്തിന‌് 105 പേരുടെ പിന്തുണ വേണം. ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്.അതിനിടെ ഭരണം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. താൻ രാജി വക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും രാജി വെയ്ക്കാന്‍ തയ്യാറല്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. വ്യാഴാഴ‌്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ നിര്‍ണായക മന്ത്രിസഭായോഗം ചേര്‍ന്നു.
വിശ്വാസവോട്ട് വേണ്ടിവന്നാല്‍ അതിന് നേരിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനിടെ, രാജിവച്ച മൂന്ന‌് എംഎല്‍എമാരെ അയോഗ്യരാക്കാനാവശ്യപ്പെട്ട‌് ജെഡിഎസ‌് സ‌്പീക്കര്‍ക്ക‌് കത്തുനല്‍കി. വെള്ളിയാഴ‌്ച ധനബില്‍ സഭയുടെ മേശപ്പുറത്ത് വയ‌്ക്കും. തുടര്‍ന്ന‌് എന്ത‌് സംഭവിക്കും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട‌്. ധനബില്‍ പാസായില്ലെങ്കില്‍ സര്‍ക്കാരിന‌് രാജിവെക്കേണ്ടിവരും.
Post Your Comments